കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ പക്ഷെ ബഫർ സോൺ ചർച്ചയായില്ല. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളെക്കുറിച്ചുയർന്ന പരാമര്‍ശത്തിൽ കൊവിഡ് സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന് മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.