ടൊറന്റോ-മോണ്‍ട്രിയല്‍, ടൊറന്റോ-ഓട്ടവ ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച മുതല്‍ പുന:രാരംഭിക്കുമെന്ന് വയാ റെയില്‍ 

By: 600002 On: Dec 27, 2022, 11:51 AM


വാരാന്ത്യത്തില്‍ ഒന്റാരിയോയിലും ക്യുബെക്കിലും വീശിയടിച്ച ശീതകാല കൊടുങ്കാറ്റില്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ നിര്‍ത്തിവെച്ച ടൊറന്റോ-ഓട്ടവ, ടൊറന്റോ-മോണ്‍ട്രിയല്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ പുന:രാരംഭിക്കുമെന്ന് വയാ റെയില്‍ അറിയിച്ചു. പരിഷ്‌കരിച്ച ഷെഡ്യൂളില്‍ സര്‍വീസ് പുന:രാരംഭിക്കുമെന്നാണ് വയാ റെയില്‍ അറിയിച്ചിരിക്കുന്നത്.  ഒന്റാരിയോയിലെ ഗ്രാഫ്റ്റണിനടുത്തുള്ള കിംഗ്സ്റ്റണ്‍ സബ്ഡിവിഷനിലാണ് പാളം തെറ്റിയതെന്ന് കനേഡിയന്‍ നാഷണല്‍ റെയില്‍വേ പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 24ന് പാസഞ്ചര്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ റെയില്‍ ഗതാഗതവും നിര്‍ത്തുകയായിരുന്നു. 

പാളം തെറ്റിയതിനെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തിലും ബോക്‌സിംഗ് ദിനത്തിലും വയാ റെയില്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊടുങ്കാറ്റില്‍ ട്രെയിനിനു മുകളില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. തിരക്കേറിയ യാത്രാ വാരാന്ത്യമായതിനാല്‍ ജനങ്ങള്‍ വലഞ്ഞു.  28 ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. 

വയാ റെയില്‍ സര്‍വീസിന്റെ പുതിയ സമയക്രമം  https://www.viarail.ca/en      എന്ന ലിങ്കില്‍ ലഭ്യമാണ്.