2023 ല്‍ വാന്‍കുവറിലെ വീടുകളുടെ വിലയില്‍ മിതമായ ഇടിവ് രേഖപ്പെടുത്തും: റോയല്‍ ലെ പേജ്

By: 600002 On: Dec 27, 2022, 11:18 AM


വാന്‍കുവര്‍ ഏരിയയിലെ ഭവന വിലയില്‍ അടുത്ത 12 മാസത്തിനുള്ളില്‍ മിതമായ കുറവ് രേഖപ്പെടുത്തിയേക്കാമെന്ന് റോയല്‍ ലെപേജിന്റെ പ്രവചനം. 2023 ല്‍ വില കുറയുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നാലാം പാദത്തോടെ റിയല്‍ എസ്‌റ്റേറ്റ് വിപണി സജീവമാകുമെന്നാണ് കരുതുന്നത്. മൊത്തത്തിലുള്ള ഭവനവില വര്‍ഷം തോറും ഒരു ശതമാനം കുറഞ്ഞ് 1.22 മില്യണ്‍ ഡോളറായി. സ്പ്രിംഗ് സീസണിലോ, സമ്മര്‍ സീസണിലോ വില ഉയരുമോ എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അധികൃതര്‍ പറയുന്നു. 

2023 നാലാം പാദത്തില്‍ സിംഗിള്‍ ഫാമിലി ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടികളുടെ വില രണ്ട് ശതമാനം കുറയുമെന്നാണ് റോയല്‍ ലെ പേജിന്റെ മാര്‍ക്കറ്റ് സര്‍വേ പ്രവചിക്കുന്നത്. ശരാശരി 1.64 മില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, കോണ്ടോകളുടെ ശരാശരി വില ഒരു ശതമാനം വര്‍ധിച്ച് അതേകാലയളവില്‍ 747,299 ഡോളറിലെത്തും. 

ബാങ്ക് ഓഫ് കാനഡ മാര്‍ച്ചില്‍ പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വില കുറയുന്നുണ്ടെങ്കിലും കോവിഡ് പാന്‍ഡെമിക് സമയത്ത് രണ്ട് വര്‍ഷത്തോളം വിലക്കയറ്റം ഉണ്ടായതായി റോയല്‍ ലെപേജ് അഭിപ്രായപ്പെട്ടു.