ചിലയിനം അലര്‍ജന്‍സ് അടങ്ങിയ ചോക്ലേറ്റുകള്‍ മുതല്‍ റബ്ബര്‍ കഷ്ണങ്ങള്‍ അടങ്ങിയ ഗ്ലൂറ്റന്‍ ഫ്രീ നഗ്ഗറ്റുകള്‍ ഉള്‍പ്പെടെ നിരവധി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കഴിഞ്ഞ മാസം തിരിച്ചുവിളിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. പാക്കറ്റില്‍ പാലിന്റെ സാന്നിധ്യത്തെക്കുറിച്ച് പ്രത്യോക മുന്നറിയിപ്പ് നല്‍കാത്ത അഞ്ചിലധികം ഭക്ഷ്യ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നതായി ഹെല്‍ത്ത് കാനഡ പറയുന്നു. ചോക്ലേറ്റ് ട്രീറ്റുകള്‍, ചോക്ലേറ്റ് കോഫി ബീന്‍സ്, ചോക്ലേറ്റ് രുചിയുള്ള പ്രോട്ടീന്‍ പൗഡര്‍, പ്ലാന്റ്-ബേസ്ഡ് ബ്രേക്ക്ഫാസ്റ്റ് സാന്‍ഡ്‌വിച്ചുകള്‍ എന്നിവയും തിരിച്ചുവിളിച്ചവയില്‍ ഉള്‍പ്പെടുന്നു.
ലേബലില്‍ പാലിന്റെ സാന്നിധ്യത്തെക്കുറിച്ച് വെളിപ്പെടുത്താത്ത ഒലിവീയ ആന്‍ഡ് ലിയോ ഗൗര്‍മെറ്റ് ട്രീറ്റ്‌സിന്റെ ഡാര്‍ക്ക് 55 പേര്‍സെന്റേജ് കൊക്കോ ആല്‍മണ്ട് ബാര്‍ക്ക്, ചോക്ലേറ്റ് ലാബ് ബ്രാന്‍ഡായ ചോക്ലേറ്റ് കോഫി ബീന്‍സ് എന്നിവയും തിരിച്ചുവിളിച്ചു. ആദ്യത്തെ രണ്ട് ഉള്‍പ്പന്നങ്ങള്‍ ആല്‍ബെര്‍ട്ടയിലും ഓണ്‍ലൈനിലും വിറ്റഴിച്ചതും ചോക്ലേറ്റ് ലാബ് കോഫി ബീന്‍സ് ഒന്റാരിയോയിലും വിറ്റതായി ഹെല്‍ത്ത് കാനഡ വ്യക്തമാക്കി.
ലേബലില്‍ പാലിന്റെ സാന്നിധ്യം അറിയിക്കാത്തത് പാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത ആളുകള്‍ക്ക് അലര്‍ജിക്ക് കാരണമാകുന്നതായി ഹെല്‍ത്ത് കാനഡ പറയുന്നു. ബീസി, ആല്‍ബെര്‍ട്ട, മാനിറ്റോബ, ഒന്റാരിയോ എന്നീ പ്രവിശ്യകളില്‍ വിറ്റഴിച്ച വിവിധ ഉല്‍പ്പന്നങ്ങളില്‍ സാല്‍മാണല്ല, മെറ്റല്‍, റബ്ബര്‍ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഇവ തിരിച്ചുവിളിച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് കാനഡ അറിയിച്ചു.
തിരിച്ചുവിളിക്കപ്പെട്ട ഭക്ഷ്യോല്‍പ്പന്നങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഹെല്‍ത്ത് കാനഡയുടെ വെബ്‌സൈറ്റ് പേജ് സന്ദര്‍ശിക്കുക.