യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയെയും ശീതകാല കൊടുങ്കാറ്റിനെയും തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വീടുകളില്‍ മിക്കവരും കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തെത്താന്‍ കഴിയാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്. ഞായറാഴ്ച റെയില്‍, റോഡ്, വ്യോമ ഗതാഗതം തടസ്സപ്പെട്ടതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ മിക്കയിടങ്ങളിലും അലങ്കോലമായി. യുഎസിലെ ജനസംഖ്യയുടെ 60 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ശൈത്യകാല കാലാവസ്ഥ അവസ്ഥയെ അഭിമുഖീകരിച്ചു.
കാനഡയ്ക്കടുത്തുള്ള ഗ്രേറ്റ് ലേക്ക്‌സ് മുതല്‍ മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ റിയോ ഗ്രാന്‍ഡെ വരെ വ്യാപിച്ചുകിടക്കുന്ന കൊടുങ്കാറ്റിന്റെ വ്യാപ്തി അഭൂതപൂര്‍വ്വമായിരുന്നു. കൂടാതെ റോക്കി പര്‍വതനിരകളുടെ കിഴക്ക് മുതല്‍ അപ്പലാച്ചിയന്‍സ് വരെ താപനില സാധാരണയേക്കാള്‍ വളരെ കുറഞ്ഞുവെന്ന് വെതര്‍ സര്‍വീസ് പറഞ്ഞു.
മെയ്ന്‍ മുതല്‍ സിയാറ്റില്‍ വരെയുള്ള കമ്മ്യൂണിറ്റികളില്‍ കൊടുങ്കാറ്റ് മൂലം വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. വൈദ്യുത നിലയങ്ങള്‍ വ്യാപകമായി തകരാറിലായി. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ സാധിക്കാത്തത് മരണസംഖ്യ കൂട്ടി. ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടു. ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. റെയില്‍ ഗതാഗതം ഒരാഴ്ചയോളമായി മുടങ്ങിക്കിടക്കുകയാണ്.