സംസ്ഥാനത്ത്  5 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

By: 600021 On: Dec 26, 2022, 6:26 PM

നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം സംസ്ഥാനത്തെ അഞ്ച് ആശുപത്രികള്‍ക്ക് കൂടി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  ഇതോടെ  എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുത്ത ആശുപത്രികളുടെ എണ്ണം 157 ആയി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, എട്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 101 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ ഒന്‍പത് ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു വരികയാണ്. ആദ്യഘട്ടത്തില്‍ 42 ആശുപത്രികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. സമയ ബന്ധിതമായി ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും അതിലൂടെ എന്‍.ക്യു.എ.എസ്., ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡ് എന്നിവ നേടിയെടുക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.