സാമ്പത്തിക പ്രതിസന്ധി; സോഫ്റ്റ്‌വെയർ എൻജിനീയറെ കൈവിട്ട് ആമസോൺ 

By: 600021 On: Dec 25, 2022, 6:32 PM

ആമസോണിലെ സാമ്പത്തിക പ്രതിസന്ധിയിൽ  ജോലി നഷ്ടമായി ഇന്ത്യന്‍ യുവാവ്.  മൈക്രോ സോഫ്റ്റിലെ ജോലി രാജി വച്ച് ആമസോണില്‍ ചേരാനായി കാനഡയിലെത്തിയ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ആരുഷ് നാഗ്പാലിനാണ് ഇന്ത്യയിലും വിദേശത്തും ഒരു പോലെ ജോലി ഇല്ലാതായത്. കാനഡയിലെ ആമസോണ്‍ ഓഫീസില്‍ നിന്നുള്ള ജോബ് ഓഫര്‍ ലഭിച്ചതിന് പിന്നാലെ മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ച ആരുഷ് കാനഡയിലെ വാന്‍കൂവറിലേക്ക് താമസവും മാറിയ ശേഷമാണ് കമ്പനി ജോബ് ഓഫര്‍ റദ്ദാക്കിയ വിവരം അറിയുന്നത്. മൈക്രോ സോഫ്റ്റിലെ നോട്ടീസ് പിരിയഡ് പൂര്‍ത്തിയാക്കിയ യുവാവിന് വാന്‍കൂവറില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് പുറപ്പെടും മുന്‍പ് വരെ എച്ച് ആറുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ വരാന്‍ പോകുന്ന പ്രതിസന്ധിയേക്കുറിച്ച് സൂചന പോലും ലഭിച്ചില്ലെന്നും യുവാവ് സമൂഹമാധ്യമങ്ങളിലെ കുറിപ്പില്‍ വിശദമാക്കി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മനസിലാക്കുന്നുവെങ്കിലും എന്‍ജിനിയറുടെ ആവശ്യമുള്ള ഏത് ടീമിലും ജോലി ചെയ്യാന്‍ സന്നദ്ധനാണെന്നാണ് യുവാവ് സമൂഹമാധ്യമങ്ങളിലൂടെ വിശദമാക്കുന്നത്.