കൊവിഡ് പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ  പരിശോധന നടത്തും;കർശന നിയന്ത്രണങ്ങൾ തൽക്കാലമില്ല 

By: 600021 On: Dec 24, 2022, 6:49 PM

കൊവിഡ് ജാഗ്രതയിൽ അന്താരാഷ്ട്ര വിമാനയാത്രക്കാരിൽ തെർമൽ സ്കാനിംഗ് അടക്കമുള്ള പരിശോധന നടത്തി കേന്ദ്രം. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധനയും  നിർബന്ധമാക്കും. ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. അതേസമയം  ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നില്ലെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി. കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി രാജ്യത്തെ എല്ലാ ആശുപത്രികളിലും ചൊവ്വാഴ്ച്ച നടത്തുന്ന  പ്രത്യേക മോക്ഡ്രിൽ കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട്  നിരീക്ഷിക്കും. എന്നാൽ ജാഗ്രത കൂട്ടണമെന്ന് ആവർത്തിക്കുമ്പോഴും കർശന നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നും ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം  തുടർ നടപടി എടുക്കുമെന്നുമാണ് കേന്ദ്രത്തിൻ്റെ നിലപാട്.