വ്യാജ എയര്‍ലൈന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വെസ്റ്റ് ജെറ്റ് 

By: 600002 On: Dec 24, 2022, 9:47 AM

 

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും കാലതാമസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എയര്‍ലൈനിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും സൃഷ്ടിച്ച് തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ് നല്‍കി വെസ്റ്റ് ജെറ്റ്. ഉപഭോക്താക്കളുടെ പണവും, മറ്റ് വ്യക്തിഗത വിവരങ്ങളും വ്യാജ അക്കൗണ്ടുകള്‍ വഴി തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് കമ്പനി പറഞ്ഞു. തട്ടിപ്പിനായി നിരവധി വ്യാജ എയര്‍ലൈന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൃഷ്ടിച്ചതായി വെസ്റ്റ് ജെറ്റ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പ് നടത്തിയതായുള്ള കേസുകള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ കമ്പനിക്ക് ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

ഇത്തരത്തില്‍ തട്ടിപ്പിനിരയാകാതിരിക്കാന്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കമ്പനി വ്യക്തമാക്കി. വെസ്റ്റ് ജെറ്റിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഒരു ചെക്ക് മാര്‍ക്ക് ഉപയോഗിച്ച് ഒറിജിനല്‍ ആണോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് കമ്പനി നിര്‍ദ്ദേശിച്ചു. റദ്ദാക്കലുകളുകളോ മറ്റ് പ്രശ്‌നങ്ങളോ സംബന്ധിച്ച് കമ്പനിയുമായി ബന്ധപ്പെടേണ്ടവര്‍ വെസ്റ്റ് ജെറ്റ് ഹെല്‍പ്പ് സെന്ററില്‍ വിവരമറിയിച്ചാല്‍ മതി.