ക്രിസ്മസിന് യാത്രക്കാരെ വലച്ച് കാനഡയില്‍ വിമാനങ്ങളുടെ റദ്ദാക്കലും കാലതാമസവും 

By: 600002 On: Dec 24, 2022, 9:33 AM

കാനഡയിലൂടനീളം ക്രിസ്മസ് ദിനത്തിന് മുമ്പുണ്ടാകുന്ന കനത്ത മഞ്ഞുവീഴ്ചയും ശീതകാല കൊടുങ്കാറ്റും ഏറ്റവും കൂടുതല്‍ വലയ്ക്കുന്നത് വിമാനയാത്രക്കാരെ. തിരക്കേറിയ സമയമായിനാല്‍ എയര്‍പോര്‍ട്ടിലെയും വിമാനങ്ങളുടെയും കാലതാമസവും വിമാനങ്ങള്‍ റദ്ദാക്കുന്നതും ക്രിസ്മസിന് ലക്ഷ്യസ്ഥാനത്തെത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. 

കാനഡയിലെ മിക്ക എയര്‍പോര്‍ട്ടുകളിലും സ്ഥിതി സമാനമാണ്. നിരവധി എയര്‍ലൈനുകള്‍ തങ്ങളുടെ വിമാനങ്ങള്‍ റദ്ദാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. വിന്നിപെഗിലെ ജെയിംസ് റിച്ചാര്‍ഡ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളം, ടൊറന്റോ പിയേഴ്‌സണ്‍ വിമാനത്താവളം, വാന്‍കുവര്‍ എയര്‍പോര്‍ട്ട് തുടങ്ങി എല്ലാ വിമാനത്താവളങ്ങളിലും വന്‍ തിരക്കാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. അതോടൊപ്പം ഈ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കലുകളും യാത്രക്കാരെ നിരാശരാക്കി. ഈ അവധിക്കാലത്ത് മുഴുവന്‍ മോശം കാലാവസ്ഥാ സാഹചര്യമാണെങ്കില്‍ നിലവിലെ അവസ്ഥയ്ക്ക് പെട്ടെന്ന് മാറ്റമുണ്ടാകില്ലെന്നാണ് അധികൃതര്‍ കരുതുന്നത്. 

ബീസി, ക്യുബെക്ക്, ഒന്റാരിയോ എന്നിവടങ്ങളിലുണ്ടാകുന്ന കൊടുങ്കാറ്റ് കാനഡയിലുടനീളമുള്ള യാത്ര തടസ്സപ്പെടുത്തിയിരിക്കുകയാണ്. വെസ്റ്റ് ജെറ്റ് ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ഫ്‌ളൈറ്റുകള്‍ മുന്‍കൂട്ടി റദ്ദാക്കി. അടുത്ത കുറച്ച് ദിവസങ്ങളില്‍ ഫ്‌ളൈറ്റ് റദ്ദാക്കലുകളും കാലതമാസങ്ങളും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വിന്നിപെഗ് എയര്‍പോര്‍ട്ട് അതോറിറ്റി യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. ഫ്‌ളൈറ്റ് റദ്ദാക്കിയ അറിയിപ്പ് ലഭിക്കുന്നവര്‍ എയര്‍പോട്ടിലേക്ക് വരാതെ റീബുക്ക് ചെയ്യാനോ റീഫണ്ട് ചെയ്യാനോ ഉള്ള എയര്‍ ലൈന്‍ കമ്പനികളുടെ നിര്‍ദ്ദേശം പിന്തുടരേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.