ക്രിസ്മസിനു മുന്നോടിയായി ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞുവീഴ്ചയും ശീതകാല കൊടുങ്കാറ്റും. ക്യുബെക്കിലും ഒന്റാരിയോയിലും വീശിയ ശീതകാല കൊടുങ്കാറ്റ് ലക്ഷകണക്കിന് ആളുകളെ ഇരുട്ടിലാക്കി. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും മൂലം മെട്രോ വാന്‍കുവറിലെ പ്രധാന പാലങ്ങളും റോഡുകളും അടച്ചു. എന്നാല്‍ ഏറ്റവും മോശം കാലാവസ്ഥ നേരിടാന്‍ പോകുന്നതേയുള്ളൂവെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എണ്‍വയോണ്‍മെന്റ് കാനഡ.
ഈസ്‌റ്റേണ്‍ കാനഡയില്‍ വെള്ളിയാഴ്ച വീശിയ കൊടുങ്കാറ്റ് തെക്ക്, കിഴക്കന്‍ ഒന്റാരിയോയിലും ക്യുബെക്കിന്റെ ചില ഭാഗങ്ങളിലും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിന് കാരണമായി. ഇതിനെതുടര്‍ന്ന് താപനില താഴ്ന്നു. ക്യുബെക്കില്‍ ചില ഭാഗങ്ങളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനുകള്‍ ഒടിഞ്ഞുവീഴുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. ഇതോടെ ഇവിടങ്ങളില്‍ വൈദ്യുതി മുടങ്ങി. ഏകദേശം 340,000 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മുടങ്ങിയതായി ഹൈഡ്രോ-ക്യുബെക്ക് അറിയിച്ചു. ക്യുബെക്ക് സിറ്റി ഏരിയയില്‍ 80,000 ത്തിലധികം പേര്‍ക്കാണ് വൈദ്യുതി മുടങ്ങിയത്.
ഒന്റാരിയോയില്‍ തെക്ക്, കിഴക്കന്‍ മേഖലകളില്‍ ഏകദേശം 56,000 പേര്‍ക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഓട്ടവയില്‍ 4,200 പേരുടെ വൈദ്യുതി മുടങ്ങി.
റോഡുകളില്‍ വേഗത്തില്‍ കുമിഞ്ഞ് കൂടുന്ന മഞ്ഞ് യാത്ര ദുഷ്‌കരമാക്കും. അതിനാല്‍ യാത്രകള്‍ പരാമവധി ഒഴിവാക്കാന്‍ എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി.