1000, 500 നോട്ടുകൾ അസാധുവാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധി ജനുവരി രണ്ടിന്. 2016 ലെ സർക്കാരിൻ്റെ തീരുമാനവുമായി ബന്ധപ്പെട്ട പ്രസക്തമായ രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും (ആർബിഐ) സുപ്രീം കോടതി നിർദേശിച്ചിരുന്നു. ജനുവരി നാലിന് വിരമിക്കുന്ന ജസ്റ്റിസ് എസ് എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദം കേട്ടു. കേന്ദ്ര സർക്കാറിനായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും റിസർവ് ബാങ്കിനായി അവരുടെ അഭിഭാഷകനും ഹാജരായി. ഹർജിക്കാർക്കായി മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ഹാജരായി.