ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ വരുന്ന എൺപത് കോടി ആളുകൾക്ക് രണ്ട് ലക്ഷം കോടി രൂപ ചിലവിട്ട് ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വഴിയുള്ള പെൻഷൻ നിരക്ക് ഉയർത്താനും കൊപ്രയുടെ താങ്ങുവില ഉയർത്താനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര-മന്ത്രിസഭായോഗത്തിൽ തീരുമാനമായി. പ്രധാനമന്ത്രി ഗരീബ് കല്യാണ പദ്ധതി വഴി കൊവിഡ് ലോക്ഡൗൺ മുതൽ സൗജന്യമായി അഞ്ച് കിലോ ഭക്ഷ്യ ധാന്യം നൽകിയിരുന്ന പദ്ധതി ഈ വർഷം ഡിസംബർ മുപ്പത്തിയൊന്നിന് അവസാനിക്കാനിരിക്കെയാണ് തീരുമാനം.അതേസമയം, 2019ന് ശേഷം വിരമിച്ചവരെയും ഉൾപ്പെടുത്തിയുള്ള പെൻഷൻ പരിധിയിൽ ഇരുപത്തിയഞ്ച് ലക്ഷത്തി പതിമൂന്നായിരം പേരാണ് വരുന്നത്. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വഴി പെൻഷൻ നിരക്ക് ഉയർത്തുകയും കുടിശ്ശിക തുകയായ 23638 കോടി രൂപ നാല് ഗഡുക്കളായി നൽകുകയും ചെയ്യുന്നതോടെ 8450കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാകുക. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിൻ്റലിന് ഇരുന്നൂറ്റി എഴുപത് രൂപ കൂട്ടി പതിനായിരത്തി എണ്ണൂറ്റി അറുപതും ഉണ്ടകൊപ്രയുടെ വില 750 കൂട്ടി 11750 ആക്കാനും തീരുമാനമായി.