യാത്ര ചെയ്യുന്നതിന് മുമ്പ് സുരക്ഷാ മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍

By: 600002 On: Dec 23, 2022, 11:34 AM


ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യാത്രകള്‍ നടത്തുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മോട്ടോര്‍ അസോസിയേഷന്‍. നിരത്തുകളിലേക്കിറങ്ങുന്ന ഡ്രൈവര്‍മാര്‍ എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് തയാറെടുപ്പുകള്‍ നടത്തി മാത്രം ചെയ്യേണ്ടതാണെന്ന് എഎംഎയിലെ എമര്‍ജന്‍സി ജീവനക്കാരും നിര്‍ദ്ദേശിക്കുന്നു. 

ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന മഞ്ഞുവീഴ്ച കാരണം മഞ്ഞ്മൂടിക്കെട്ടിയ റോഡുകളുടെ അവസ്ഥ പരിതാപകരമായേക്കാം. ഇത് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും അതിനാല്‍ മുന്‍കരുതലുകളെടുത്ത് മാത്രം യാത്ര ചെയ്യുകയെന്നും എഎംഎ മുന്നറിയിപ്പ് നല്‍കി. 

യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനങ്ങളിലെ ടാങ്കില്‍ ഗ്യാസ് നിറച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക, ടയറുകളിലെ എയര്‍ രണ്ട് തവണയെങ്കിലും പരിശോധിക്കുക, എമര്‍ജന്‍സി റോഡ് കിറ്റ് വാഹനത്തിലുണ്ടെന്ന് ഉറപ്പ് വരുത്താനും എഎംഎ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. കൂടാതെ യാത്ര ചെയ്യുന്നതിനു മുമ്പ് റോഡുകളിലെ അവസ്ഥ മനസ്സിലാക്കാന്‍ 511 ആല്‍ബെര്‍ട്ട എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.