ബീസിയില്‍ കനത്ത മഞ്ഞുവീഴ്ച: റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം 

By: 600002 On: Dec 23, 2022, 10:27 AM


സതേണ്‍ ബീസിയില്‍ കനത്ത മഞ്ഞുവീഴ്ചയും തണുത്തുറഞ്ഞ മഴയും കാരണം റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌കരമാകുമെന്നതിനാല്‍ അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. പ്രതികൂല കാലാവസ്ഥയില്‍ ഹൈവേകള്‍ അടയ്ക്കുന്നതിനും വൈദ്യുതി വിതരണം തടസ്സപ്പെടാനും സാധ്യതയുണ്ട്. കൂടാതെ ഗതാഗത തടസ്സങ്ങളും മഞ്ഞിലൂടെയുള്ള യാത്ര അപകടകരമാകുന്നതിനും സാധ്യതയുള്ളതിനാല്‍ അടിയന്തര യാത്രകള്‍ മാത്രം നടത്താന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

മെട്രോ വാന്‍കുവര്‍, വാന്‍കുവര്‍ ഐലന്‍ഡ്, ഫ്രേസര്‍ വാലി എന്നിവടങ്ങളില്‍ കനത്ത മഞ്ഞ്, തണുത്തുറഞ്ഞ മഴ എന്നിവ ക്രിസ്മസ് ദിനം വരെ ഉണ്ടാകും. കൂടാതെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. വാന്‍കുവര്‍ ഐലന്‍ഡ്, സൗത്ത് കോസ്റ്റ്, ഇന്റിരീയര്‍ എന്നിവടങ്ങളില്‍ നിന്ന് റോഡിലൂടെയുള്ള യാത്ര ആവശ്യമില്ലെങ്കില്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ഗതാഗത മന്ത്രി റോബ് ഫ്‌ളെയ്മിംഗ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.