ക്രിസ്മസ്, പുതുവത്സര ദിനങ്ങളില്‍ അര്‍ജന്റ് കെയര്‍ സെന്റര്‍ അടച്ചിടുമെന്ന് ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസ് 

By: 600002 On: Dec 23, 2022, 9:57 AM


അവധി ദിവസങ്ങളിലെ ജീവനക്കാരുടെ കുറവ് മൂലം ക്രിസ്മസ് ദിനത്തിലും പുതുവത്സര ദിനത്തിലും അര്‍ജന്റ് കെയര്‍ സെന്ററുകള്‍ അടച്ചിടുമെന്ന് ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസ്(HHS)  അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ രോഗികളുടെ എണ്ണം കുറവായതിനാല്‍ അര്‍ജന്റ് കെയര്‍ സെന്റര്‍ ഡിസംബര്‍ 25 ന് അടച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം രോഗികളെ പരിചരിക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ അടച്ചിടുകയാണെന്ന് ആശുപത്രി വക്താവ് പറഞ്ഞു. 

അടച്ചിടുന്ന ദിവസങ്ങളില്‍ അടിയന്തര സാഹചര്യത്തിലുള്ള എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ അത്യാഹിത വിഭാഗങ്ങളില്‍ മതിയായ ജീവനക്കാരുണ്ടെന്ന് എച്ച്എച്ച്എസ് ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ അര്‍ജന്റ് കെയര്‍ അടച്ചിട്ടിരിക്കുന്ന ദിവസങ്ങളില്‍ എച്ച്എച്ച്എസിലെ മറ്റ് ജീവനക്കാരെ മക്മാസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ അവിടുത്തെ ജീവനക്കാരെ സഹായിക്കുന്നതിനായി നിയോഗിക്കുമെന്നും വ്യക്തമാക്കി. ഈയടുത്ത ദിവസങ്ങളില്‍ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ പീഡിയാട്രിക് ഹോസ്പിറ്റലുകളിലും തിരക്ക് വര്‍ധിക്കുകയാണ്. 

അവധിക്കാലത്ത് മറ്റെല്ലാ ദിവസങ്ങളിലും അര്‍ജന്റ് കെയര്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


അതേസമയം, അവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവ് മൂലം ആല്‍ബെര്‍ട്ട മില്‍ക്ക് റിവറിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് അടച്ചിടും. വെള്ളിയാഴ്ച മുതല്‍ 10 ദിവസത്തേക്ക് താല്‍ക്കാലികമായി സേവനം നിര്‍ത്തിവെക്കുന്നതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിമുതല്‍ ലെത്ത്ബ്രിഡ്ജിലെ ചിനൂക്ക് റീജിയണല്‍ ഹോസ്പിറ്റലിലേക്ക് ഇഎംഎസ് കോളുകള്‍ റീ-റൂട്ട് ചെയ്യും.