കാനഡ വാക്‌സിന്‍ ഇന്‍ജുറി സപ്പോര്‍ട്ട് പ്രോഗ്രാം: 50 ക്ലെയിമുകള്‍ അംഗീകരിച്ചു; 2.7 മില്യണ്‍ ഡോളര്‍ നല്‍കി 

By: 600002 On: Dec 23, 2022, 9:28 AM


കാനഡയില്‍ വാക്‌സിന്‍ ഇന്‍ജുറി സപ്പോര്‍ട്ട് പ്രോഗ്രാം(VISP) വഴി ക്ലെയിം ചെയ്തവര്‍ക്ക് 2.7 മില്യണ്‍ ഡോളറിലധികം നല്‍കിയതായി റിപ്പോര്‍ട്ട്. 2021 ല്‍ പ്രോഗ്രാം ആരംഭിച്ചത് മുതലുള്ള കണക്കാണിത്. ഇതുവരെ, ഹെല്‍ത്ത് കാനഡ അംഗീകൃത വാക്‌സിനുമായി ബന്ധപ്പെട്ട ഗുരുതരവും സ്ഥിരവുമായ പരുക്കുകളുടെ 50 ക്ലെയിമുകള്‍ അംഗീകരിച്ചതായി ഹെല്‍ത്ത് കാനഡ അറിയിച്ചു. 

2020 ഡിസംബറിലാണ് പ്രോഗ്രാം അവതരിപ്പിച്ചത്. 2021 ലാണ് പ്രോഗ്രാം ആരംഭിക്കുന്നത്. അന്ന് മുതല്‍ രാജ്യത്ത് നിന്നും സ്വീകരിച്ച, ഹെല്‍ത്ത് കാനഡയുടെ അംഗീകൃത വാക്‌സിനുമായി ബന്ധപ്പെട്ട് ഗുരുതരമായ പരിക്ക് സംഭവിച്ചിട്ടുള്ള ആളുകള്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത. കോവിഡ് വാക്‌സിന്‍ ഉള്‍പ്പെടെ രോഗപ്രതിരോധത്തിനായി നല്‍കുന്ന എല്ലാ വാക്‌സിനുകളും പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നു. 

2021 ജൂണിനും 2022 ഡിസംബര്‍ 1 നും ഇടയില്‍ പ്രോഗ്രാമിന് 1,299 ക്ലെയിമുകള്‍ ലഭിച്ചു. അതില്‍ 209 എണ്ണം അപൂര്‍ണ വിവരങ്ങള്‍ ഉള്ളതും മാനദണ്ഡങ്ങള്‍ പാലിക്കാത്തവയുമായതിനാല്‍ അനര്‍ഹമാണെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞിരുന്നു. സ്വന്തമായി വാക്‌സിന്‍ ഇന്‍ജുറി കോമ്പന്‍സേഷന്‍ പ്രോഗ്രാമുള്ള ക്യുബെക്ക് ഒഴികെ മറ്റ് എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് പ്രോഗ്രാം ബാധകമാണ്.