കാലാവസ്ഥാ നിരീക്ഷകര്‍ 'വെതര്‍ ബോംബ്' എന്ന് വിശേഷിപ്പിക്കുന്ന ശീതകാല കൊടുങ്കാറ്റ് കാനഡയിലുടനീളം വീശിയടിക്കാന്‍ തുടങ്ങിയതിനാല്‍ മാനിറ്റോബ ഒഴികെ എല്ലാ പ്രവിശ്യകള്‍ക്കും എണ്‍വയോണ്‍മെന്റ് കാനഡ വ്യാഴാഴ്ച മുന്നറിയിപ്പുകളും പ്രത്യേക കാലാവസ്ഥാ അറിയിപ്പുകളും നല്കി. ജനങ്ങള്‍ കൂടുതല്‍ കഠിനമായ ശൈത്യകാല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്കി. ഈ വാരാന്ത്യത്തില്‍ ശീതകാല കൊടുങ്കാറ്റ് ഒന്റാരിയോയിലും ക്യുബെക്കിലും അറ്റ്ലാന്റിക് കാനഡയിലും വീശിയടിക്കും. ഓരോ പ്രവിശ്യയും തണുത്തുറഞ്ഞ മഴ മുതല്‍ മഞ്ഞുവീഴ്ചയും കൊടുംതണുപ്പും വരെയുള്ള വ്യത്യസ്ത കാലാവസ്ഥ അവസ്ഥകള്‍ നേരിടാന്‍ സജ്ജമാകണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഈ വാരാന്ത്യത്തില്‍ പലരും യാത്രകള്‍ക്കായി തയാറെടുക്കുകയാണ്. എന്നാല്‍ ശീതകാല കൊടുങ്കാറ്റിന്റെ സമയത്ത് യാത്ര നടത്തുന്നവര്‍ അവരുടെ യാത്രാ പദ്ധതികള്‍ പുന:ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്നും കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു. കൊടുങ്കാറ്റിന് മുന്നോടിയായി ടൊറന്റോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്പോര്ട്യും യാത്രക്കാര്‍ക്ക് കാലതാമസം നേരിടേണ്ടി വരുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ, പിയേഴ്സണ്‍ എയര്‍പോര്‍ട്ടിലേക്കും പുറത്തേക്കുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി വെസ്റ്റ് ജെറ്റ് അറിയിച്ചു. ഓട്ടവ, ഒന്റാരിയോയിലെ ലണ്ടന്‍, വാട്ടര്‍ലൂ, മോണ്ട്രിയല് എന്നിവടങ്ങളിലെ വിമാനത്താവളങ്ങളെയും റദ്ദാക്കല്‍ ബാധിക്കുമെന്ന് കമ്പനി അറിയിച്ചു.
അതിശൈത്യത്തെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ഗ്രേറ്റര്‍ ടൊറന്റോ ഏരിയ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലാവസ്ഥ സംബന്ധിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി എണ്‍വയോണ്‍മെന്റ് കാനഡയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.