സ്‌പെഷ്യലിസ്റ്റുകളെ കണ്ടെത്താന്‍ ആല്‍ബെര്‍ട്ടയില്‍ പുതിയ പ്രോഗ്രാം ആരംഭിച്ചു 

By: 600002 On: Dec 22, 2022, 11:30 AM
യൂറോളജിസ്റ്റ് അല്ലെങ്കില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ പോലെയുള്ള ഒരു സ്‌പെഷ്യലിസ്റ്റിനെ കണ്ടെത്താന്‍ രോഗികളെ സഹായിക്കുന്നതിനായി ആല്‍ബെര്‍ട്ടയില്‍ പുതിയ പ്രോഗ്രാം ആരംഭിച്ചു. സ്‌പെഷ്യലിസ്റ്റിനെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സംഘത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആല്‍ബെര്‍ട്ട ഫെസിലിറ്റേറ്റഡ് ആക്‌സസ് ടു സ്‌പെഷ്യലൈസ്ഡ് ട്രീറ്റ്‌മെന്റ്(FAST)  എന്ന സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്. 

ആല്‍ബെര്‍ട്ട സര്‍ജിക്കല്‍ ഇനിഷ്യേറ്റീവിന്റെ(എഎസ്‌ഐ) ഭാഗമായാണ് പ്രോഗ്രാം നടപ്പിലാക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ശസ്ത്രക്രിയകള്‍ ഷെഡ്യൂള്‍ ചെയ്ത് രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. 
പ്രൈമറി കെയര്‍ പ്രൊവൈഡറില്‍ നിന്ന് ഒരു റഫറല്‍ ലഭിച്ചതിനു ശേഷം സ്‌പെഷ്യലിസ്റ്റിനെ വേഗത്തില്‍ സമീപിക്കാന്‍ ഈ പ്രോഗ്രാമിലൂടെ സാധിക്കും. എഡ്മന്റണില്‍ പ്രോഗ്രാം ഓഗസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ഇത് വിജയകരമായതിനെ തുടര്‍ന്ന് പ്രവിശ്യയിലെ മറ്റ് സ്ഥലങ്ങളിലേക്കും പ്രോഗ്രാം വ്യാപിപ്പിക്കുകയാണ്. 

ആല്‍ബെര്‍ട്ട സര്‍ജിക്കല്‍ ഇനിഷ്യേറ്റീവിലെ സുപ്രധാന ഘട്ടമാണ് ഫാസ്റ്റ് പ്രോഗ്രാം. ഇത് ശസ്ത്രക്രിയ ആവശ്യമുള്ള രോഗിയുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും ഓരോ ഘട്ടവും എളുപ്പമാക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യമന്ത്രി ജേസണ്‍ കോപ്പിംഗ് പറഞ്ഞു.