ബീസി വിട്ട് ആല്‍ബെര്‍ട്ടയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ഡാറ്റ 

By: 600002 On: Dec 22, 2022, 10:59 AM


ബീസി വിട്ട് പുറത്തേക്ക് പോകുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായി ആല്‍ബെര്‍ട്ട മാറുകയാണെന്ന് റിപ്പോര്‍ട്ട്. ആല്‍ബെര്‍ട്ടയിലേക്ക് ബീസിയില്‍ നിന്നും എത്തുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ധിച്ചുവരികയാണെന്ന് സ്ഥിതിവിവര കണക്കുകളും കാണിക്കുന്നു. 2013 ന് ശേഷം ആദ്യമായി ബീസിയുടെ ത്രൈമാസ നെറ്റ് ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷന്‍. നെഗറ്റീവ് സൂചികയിലെത്തി. പുതിയ ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ ആല്‍ബെര്‍ട്ടയിലെ സാഹചര്യങ്ങള്‍ മാറിയതായി കാല്‍ഗറി സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ട്രെവര്‍ ടോംബെ പറയുന്നു. 

ഈ വര്‍ഷം അവസാന പാദത്തില്‍ ഏകദേശം 20,000 ആളുകള്‍ ആല്‍ബെര്‍ട്ടയിലേക്കെത്തി. ഇത് 1980 ന് ശേഷമുള്ള പാദങ്ങളേക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ആല്‍ബെര്‍ട്ടയിലേക്കുള്ള ആളുകളുടെ ഒഴുക്കും എണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ബീസിയിലേക്കും ആളുകള്‍ കുടിയേറി പാര്‍ക്കുന്നുണ്ട്. എന്നാല്‍ പ്രവിശ്യയില്‍ നിന്നും മറ്റിടങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. മാത്രവുമല്ല, അധികമാളുകളുടെയും കുടിയേറ്റം ആല്‍ബെര്‍ട്ടയിലേക്കാണ്. കൂടുതല്‍ ചെലവേറിയ വിപണികളില്‍ നിന്നും വീടുകള്‍ വിറ്റ്, വില കുറഞ്ഞതിലേക്ക് മാറുന്നത് പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.