2026 മുതല്‍ ഇലക്ട്രിക് വാഹന വില്‍പ്പന നിര്‍ബന്ധമാക്കാനൊരുങ്ങി കാനഡ

By: 600002 On: Dec 22, 2022, 9:06 AM

2026 മുതല്‍ കാനഡയില്‍ വില്‍ക്കുന്ന എല്ലാ പാസഞ്ചര്‍ കാറുകള്‍, എസ്‌യുവികള്‍, ട്രക്കുകള്‍ എന്നിവയുടെ അഞ്ചിലൊന്ന് ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന് എണ്‍വോണ്‍മെന്റ് മിനിസ്റ്റര്‍ സ്റ്റീവന്‍ ഗില്‍ബോള്‍ട്ട്. 2035 ആകുമ്പോഴേക്കും എല്ലാ വാഹനവില്‍പ്പനയുടെയും 60 ശതമാനവും 2035 ല്‍ വില്‍ക്കുന്ന എല്ലാ പാസഞ്ചര്‍ വാഹനങ്ങളും ഇലക്ട്രിക് ആയിരിക്കണമെന്ന് മന്ത്രി പറഞ്ഞു. 

വാഹനവില്‍പ്പനയില്‍ പുതിയ നിയന്ത്രണങ്ങള്‍ പാലിക്കാത്ത നിര്‍മാതാക്കള്‍ക്കും ഇറക്കുമതിക്കാര്‍ക്കും കനേഡിയന്‍ എണ്‍വയോറണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം പിഴ നേരിടേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു. 

എല്ലാ മേഖലകളിലുമുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം 2005 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 40 മുതല്‍ 45 ശതമാനം വരെ താഴെയായി 2030 ല്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. വാഹന വില്‍പ്പനയ്ക്ക് ക്രെഡിറ്റുകള്‍ നല്‍കി വില്‍പ്പന ട്രാക്ക് ചെയ്യണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഈ വര്‍ഷം ആദ്യ ആറ് മാസങ്ങളില്‍ ഇലക്ട്രിക് വാഹന വില്‍പ്പന, സമ്പൂര്‍ണ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെ, പുതിയ കാര്‍ രജിസ്‌ട്രേഷനില്‍ വെറും 7.2 ശതമാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്.