ശീതകാല കാറ്റ്: വാന്‍കുവര്‍ വിമാനത്താവളത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളെ നിയന്ത്രിക്കും 

By: 600002 On: Dec 22, 2022, 8:41 AM


ശീതകാല കാറ്റിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച വാന്‍കുവര്‍ വിമാനത്താവളത്തില്‍ അടുത്ത ദിവസങ്ങളില്‍ എത്തുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റിന് ശേഷം വിമാനത്താവളം സാധാരണനിലയിലേക്ക് മടങ്ങിയെത്തുന്നതേയുള്ളൂ. ചൊവ്വാഴ്ച രാത്രിയോടെ പ്രഖ്യാപിച്ച നിയന്ത്രണത്തില്‍ 17 എയര്‍ലൈനുകളുടെ 30 ഓളം അന്താരാഷ്ട്ര വിമാനങ്ങളെ ഇത് ബാധിച്ചേക്കുമെന്നാണ് എയര്‍പോര്‍ട്ട് വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് സൂചിപ്പിക്കുന്നത്. നടപടി ബുധനാഴ്ച രാവിലെ 7 മണി മുതല്‍ പ്രാബല്യത്തില്‍ വന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് ഇത് അവസാനിക്കും.

വിമാനത്താവളത്തിലെ എയര്‍ഫീല്‍ഡിലെ തിരക്ക് കുറയ്ക്കാന്‍ ഈ നീക്കം സഹായകമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. എയര്‍ഫീല്‍ഡിലുണ്ടാകുന്ന അനിയന്ത്രിതമായ തിരക്ക് വിമാനങ്ങളുടെ കാലതാമസത്തിനും റദ്ദാക്കലുകളിലേക്കും നീങ്ങിയിരുന്നു. 

അതേസമയം, അവധിക്കാലം ആരംഭിക്കുന്നതോടെ തിരക്ക് വര്‍ധിക്കുമ്പോള്‍ നിയന്ത്രണം യാത്രക്കാരെ സാരമായി ബാധിച്ചേക്കുമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.