'നേർമ-2023' പുതുവത്സര ആഘോഷങ്ങൾ ഡിസംബർ 31-ന് ബാൽവിൻ ഹാളിൽ 

By: 600095 On: Dec 22, 2022, 6:28 AM

ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും കാലം നമുക്കായ് ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ കാത്തുവെച്ചിരിക്കുന്നു. പുതുവർഷം പ്രതീക്ഷകളുടെതാണ്, ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിചേർക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഓരോ പ്രതീക്ഷകളും. ഓരോ പുതുവർഷവും ഒത്തുചേരലുകളോടെയാണ് ആരംഭിക്കുന്നത്. പരസ്പരം സന്തോഷം പങ്കിട്ടും പ്രതീക്ഷകൾ കൈമാറിയുമാണ് ഓരോ പുതു വർഷത്തെയും വാരിപ്പുണരുന്നത്. കഴിഞ്ഞുപോകുന്നത് അസാധാരണമായ ഒരു വർഷമാണ്‌, കഴിഞ്ഞുപോകുന്ന വർഷത്തിലെ മനോഹരമായ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ട് നമുക്ക് പുതിയ വർഷത്തെ വരവേൽക്കാം, എഡ്‌മന്റന്റെ ചരിത്രത്തിൽ ആദ്യമായി മലയാളികൾക്കായി നേർമ മലയാളി അസോസിയേഷൻ ഒരുക്കുന്ന ന്യൂ ഇയർ സ്പെഷ്യൽ ആഘോഷം ഡിസംബർ 31നു വൈകിട്ടു 6 മണിമുതൽ ബാൽവിൻ കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്നു. മനോഹരമായ സ്റ്റേജ് പ്രോഗ്രാമുകളും ആവേശകരമായ മാജിക്‌ഷോയും,സ്വാദിഷ്ടമായ വിഭവങ്ങളും, അനേകം സമ്മാനങ്ങളും പുതുവത്സര ആഘോഷ പരിപാടിയുടെ ഭാഗമായി നേർമ ഒരുക്കിയിട്ടുണ്ട്. ത്രസിപ്പിക്കുന്ന ഡി ജെ ഡാൻസ് അകമ്പടികളോടെ ന്യൂ ഇയർ കൗണ്ട് ഡൗണോടെ പുതുവത്സരത്തെ വരവേൽക്കാനുള്ള ഒരു അസുലഭ അവസരമാണ് നേർമ ഇത്തവണ എഡ്മന്റൻ മലയാളികൾക്കായി കാത്തുവച്ചിരിക്കുന്നത്.ഈ പുതുവത്സരത്തിൽ എല്ലാ ലക്ഷ്യങ്ങളും നേടാൻ നിങ്ങൾക്ക് കഴിയട്ടെയെന്നും വിജയവും പുതിയ ഉയരങ്ങളും കൊണ്ട് നന്‍മനിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ എല്ലാവർക്കുമുണ്ടാവട്ടേയെന്ന് നേർമ ഭാരവാഹികൾ ആശംസിക്കുന്നു.