ഓന്റാരിയോയിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം പ്രതിസന്ധിയിലാണെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നു: സര്‍വേ റിപ്പോര്‍ട്ട് 

By: 600002 On: Dec 21, 2022, 11:28 AM


ഒന്റാരിയോയിലെ ആരോഗ്യ സംരക്ഷണ മേഖല പ്രതിസന്ധിയിലാണെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. എന്‍വയോണിക്‌സ് റിസര്‍ച്ച് നടത്തിയ പുതിയ വോട്ടെടുപ്പിലാണ് ആരോഗ്യ മേഖലയെക്കുറിച്ചുള്ള ആശങ്കകള്‍ ജനങ്ങള്‍ പങ്കുവെച്ചത്. 54 യൂണിയനുകളെ പ്രതിനിധീകരിക്കുന്ന ഒന്റാരിയോ ഫെഡറേഷന്‍ ഓഫ് ലേബര്‍(OFL) പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ 79 ശതമാനം പേര്‍ നിലവിലെ ആരോഗ്യ പരിപാലന സംവിധാനത്തില്‍ പ്രതിസന്ധിയുണ്ടെന്ന് കരുതുന്നു. പ്രവിശ്യയിലെ 55 ശതമാനം പേരും ഈ പ്രതിസന്ധിഘട്ടത്തിന് കാരണമായി കുറ്റപ്പെടുത്തുന്നത് ഡഗ് ഫോര്‍ഡ് സര്‍ക്കാരിനെയാണ്. 

സമീപ മാസങ്ങളില്‍ ഒന്റാരിയോയില്‍ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരും രോഗികളുടെ അഭൂതപൂര്‍വമായ തിരക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളും ഇന്‍ഫ്‌ളുവന്‍സയും മറ്റ് രോഗങ്ങളും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കാത്തിരിക്കലുകളും കിടക്കകള്‍ ലഭിക്കാനില്ലാത്ത അവസ്ഥകളിലേക്കും തള്ളിവിടുന്നു. 

പ്രതിസന്ധിക്കുള്ള പരിഹാരമായി ഫോര്‍ പ്രോഫിറ്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരുടെ ഇടപെടലിനെ 59 ശതമാനം പേര്‍ എതിര്‍ക്കുന്നു. 80 ശതമാനം പേരും പ്രൈവറ്റ് ഫോര്‍  പ്രോഫിറ്റ് ഹെല്‍ത്ത് കെയര്‍ കമ്പനികളുടെ പ്രധാനലക്ഷ്യം ലാഭം കൊയ്യല്‍ മാത്രമാണ് വിശ്വസിക്കുന്നവരാണ്.