ആല്‍ബെര്‍ട്ടയില്‍ പുതുവര്‍ഷാരംഭത്തോടെ ഇന്ധന നികുതി കുറയുമെന്ന് ധനമന്ത്രി ട്രാവിസ് ടോവ്സില് അറിയിച്ചു. ജനുവരി 1 മുതല്‍ ജൂലൈ 1 വരെ പ്രാബല്യത്തില്‍ വരുന്ന പദ്ധതിയുടെ ഷെഡ്യൂള്‍ മന്ത്രി പ്രഖ്യാപിച്ചു. പുതിയ ഇന്ധന നികുതി വരുന്നതോടെ ആല്ബെര്ട്ടയിലുള്ളവര്ക്ക് ഗ്യാസോലിന്‍, ഡീസല്‍ എന്നിവയില്‍ ലിറ്ററിന് 13 സെന്റ് ലാഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ടാക്സില്ലാതെ, ആഴ്ചയിലൊരിക്കല്‍ പിക്കപ്പ് ട്രക്ക് നിറയ്ക്കുന്നയാള്‍ക്ക് ആറ് മാസ കാലയളവില്‍ ഏകദേശം 440 ഡോളര്‍ ലാഭിക്കാമെന്നും കാറോ എസ്യുവിയോ ഓടിക്കുന്നവര്‍ക്ക് 160 ഡോളര്‍ മുതല്‍ 300 ഡോളര്‍ വരെ ലാഭിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ എല്ലാ തുറകളിലുള്ളവര്‍ക്കും പുതിയ ഇന്ധന നികുതി ബാധകമാണ്. ആറ് മാസം കഴിഞ്ഞാല്‍ അതായത് ആല്‍ബെര്‍ട്ടയിലെ പൊതുതെരഞ്ഞെടുപ്പിന് ഏകദേശം ഒരു മാസത്തിനു ശേഷം ഇന്ധന നികുതി ഇളവിന് മുമ്പുള്ള പദ്ധതിയിലേക്ക് തിരികെ സര്‍ക്കാര്‍ പോകുമെന്ന് ടോവ്സ് അറിയിച്ചു. വെസ്റ്റ് ടെക്സ് ഇന്റര്‍മീഡിയറ്റ്(WTI) ഓയില്‍ വിലയെ അടിസ്ഥാനമാക്കി ഇന്ധന നികുതി ഇളവ് നല്‍കുന്നതാണ് നിലവിലെ സംവിധാനം.