തണുത്തുറഞ്ഞ് ബീസി: മഞ്ഞുവീഴ്ച ഇരട്ടിയായി; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനങ്ങള്‍ 

By: 600002 On: Dec 21, 2022, 8:52 AM


ബീസിയില്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനേക്കാള്‍ ഇരട്ടിയിലാണ് മഞ്ഞുവീഴ്ച. ഇത് ജനജീവിതത്തെ മുഴുവന്‍ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവിശ്യയില്‍ അതിശൈത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് എണ്‍വയോണ്‍മെന്റ് കാനഡ. തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ മെട്രോ വാന്‍കുവറിലും ഫ്രേസര്‍വാലിയിലും 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പ്രവചിച്ചിരുന്നുവെങ്കിലും ഇതിന്റെ ഇരട്ടി തണുപ്പാണ് ഇവിടങ്ങളിലും മറ്റ് ചില പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. 

ശീതകാല കാറ്റുകള്‍ കൂടി ഉണ്ടാകുന്നതോടെ റോഡുകളില്‍ വാഹനാപകടങ്ങളും പതിവായി. മിക്കവാറും എല്ലാ പ്രധാനറൂട്ടുകളിലും അപകടങ്ങളുണ്ടായി. അതിനാല്‍ അനിവാര്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

റോഡുകളില്‍ മഞ്ഞ് വീണ് വഴുതുന്ന അവസ്ഥയിലായതിനാല്‍ ലോവര്‍മെയിന്‍ഡാന്‍ഡിലുടനീളം നിരവധി റോഡുകള്‍ ചൊവ്വാഴ്ച അടച്ചിട്ടു. യാത്ര അനിവാര്യമാണെങ്കില്‍ യാത്രയ്ക്ക് തയാറെടുക്കുന്നതിന് മുമ്പ് വാഹനങ്ങളിലെ മഞ്ഞ് നീക്കം ചെയ്യുവാന്‍ റിച്ച്മണ്ട് ആര്‍സിഎംപി ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.