കാനഡയില്‍ ശൈത്യകാലം അതികഠിനമായി: മുന്നറിയിപ്പുകള്‍ തുടര്‍ന്ന് എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: Dec 21, 2022, 8:30 AM


കാനഡ അതികഠിനമായ ശൈത്യകാലത്തിലൂടെയാണ് കടന്നുപോകുന്നത്. ശൈത്യകാലത്തെ അതിജീവിക്കുക എന്ന കടുത്ത വെല്ലുവിളി ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ പ്രവിശ്യകളിലും മഞ്ഞുവീഴ്ചയും കഠിനമായ തണുപ്പും വൈദ്യുതി വിതരണം, വിമാന സര്‍വീസുകള്‍, ആരോഗ്യരംഗം തുടങ്ങി എല്ലാ മേഖലകളെയും സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്‍വയോണ്‍മെന്റ് കാനഡയുടെ അതിശൈത്യകാല മുന്നറിയിപ്പുകള്‍ തുടരുകയാണ്. ബീസിയില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാല്‍ വിമാനങ്ങള്‍ വൈകിയേക്കുമെന്നും ആല്‍ബെര്‍ട്ടയില്‍ ധ്രുവീയ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഒന്റാരിയോയിലും തെക്കന്‍ ക്യുബെക്കിലും ഈ വാരാന്ത്യത്തില്‍ കൊടുങ്കാറ്റുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. വെസ്‌റ്റേണ്‍ കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എണ്‍വയോണ്‍മെന്റ് കാനഡ അതിശൈത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   

ആല്‍ബെര്‍ട്ട, മാനിറ്റോബ, സസ്‌ക്കാച്ചെവന്‍ എന്നീ പ്രവിശ്യകളിലെ നഗരങ്ങളിലെല്ലാം തിങ്കളാഴ്ത -20 സെല്‍ഷ്യസില്‍ താഴെയാണ് താപനില രേഖപ്പെടുത്തിയത്. തിങ്കളാഴ്ച -28 ഡിഗ്രി സെഷ്യല്‍സായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കാല്‍ഗറിയില്‍ മഞ്ഞുവീഴ്ച മിനിറ്റുകള്‍ക്കുള്ളില്‍ ശക്തമാകുകയും കാറ്റ് കൂടി വീശിയതിനാല്‍ -40 ഡിഗ്രി സെഷ്യല്‍സ് തണുപ്പാണ് അനുഭവപ്പെട്ടതെന്ന് ഏജന്‍സി പറഞ്ഞു. 

റോഡിലൂടെ വാഹനമോടിക്കുന്നവര്‍ക്കും ശൈത്യകാലത്ത് അപകടസാധ്യത കൂടുതലാണ്. അതിനാല്‍ ഡ്രൈവര്‍മാര്‍ എല്ലാവിധ ശൈത്യകാല മുന്‍കരുതലുകളും സ്വീകരിച്ച് മാത്രം യാത്ര തുടരുകയെന്ന് എണ്‍വയോണ്‍മെന്റ് കാനഡ നിര്‍ദ്ദേശിച്ചു. വാന്‍കുവറില്‍ വാമിംഗ് സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍പ്പിടമില്ലാത്തവര്‍ക്കായി അഞ്ച് താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കനത്ത മഞ്ഞുവീഴ്ചയുണ്ടായതിനാല്‍, ഫ്‌ളൈറ്റ് റദ്ദാക്കലുകളും കാലതാമസവും വാന്‍കൂവര്‍ വിമാനത്താവളത്തിലുണ്ടായി. ഇതേതുടര്‍ന്ന് 12 മണിക്കൂറോളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. ആഴ്ചയിലുടനീളം നീണ്ടുനില്‍ക്കുന്ന സ്പില്‍ഓവര്‍ ഇഫക്റ്റുകള്‍ ഉണ്ടാകുമെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.