ടൊറന്റോയില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പെണ്‍കുട്ടികള്‍ക്കെതിരെ കേസെടുത്തു 

By: 600002 On: Dec 21, 2022, 7:51 AM

ടൊറന്റോ നഗരത്തില്‍ ഒരാളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു. 13 വയസ്സ് മുതല്‍ 16 വയസ്സ് വരെയുള്ള പെണ്‍കുട്ടികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. യോര്‍ക്ക് സ്ട്രീറ്റിലും യൂണിവേഴ്‌സിറ്റി അവന്യുവിലും ഞായറാഴ്ച പുലര്‍ച്ചെ 12.15 ഓടുകൂടിയാണ് സംഭവം ഉണ്ടായത്. 59 വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ വ്യക്തമായിട്ടില്ല. യൂത്ത് ക്രിമിനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പെണ്‍കുട്ടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 

മധ്യവയസ്‌കനെ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ആക്രമിക്കുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവം നടന്ന സ്ഥലത്തെത്തിയ പോലീസ് സമീപ പ്രദേശത്ത് നിന്നുമാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. 

സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ അന്വേഷണത്തിന് സഹായകമാകുന്ന രീതിയില്‍ വീഡിയോ ദൃശ്യങ്ങളോ മറ്റ് തെളിവുകളോ ലഭിക്കുന്നവര്‍ക്ക് പോലീസ് ആരംഭിച്ച പ്രത്യേക വെബ്‌സൈറ്റ് വഴി അറിയിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.