വെയ്റ്റിംഗ് ലിസ്റ്റില്‍ കൃത്യമായി പേരില്ല; ബാക്ക് സര്‍ജറിക്കായി നാല് വര്‍ഷം കാത്തിരുന്ന് ബീസി സ്വദേശി    

By: 600002 On: Dec 20, 2022, 1:04 PM


നടുവേദന മൂലം നീണ്ട കാലം കഷ്ടതകള്‍ സഹിച്ച് ഒടുവില്‍ ശസ്ത്രക്രിയക്കായി നാല് വര്‍ഷമായി കാത്തിരിക്കുകയാണ് ബീസിയിലെ ചില്ലിവാക്ക് സ്വദേശിയായ ഗ്ലെന്‍ മില്ലാര്‍ഡ് എന്ന 76കാരന്‍. തന്റെ ജീവിതകാലം മുഴുവന്‍ എല്ല് തേയ്മാനവും ഡിസ്‌കിന്റെ പ്രശ്‌നങ്ങളും തന്നെ അലട്ടിക്കൊണ്ടിരിക്കുകയാണെന്ന് മില്ലാര്‍ഡ് പറഞ്ഞു. വേദനയ്‌ക്കൊരു അവസാനമാകട്ടെ എന്ന് കരുതി ശസ്ത്രക്രിയ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു. 

എന്നാല്‍ ശസ്ര്ത്രക്രിയ ചെയ്യാന്‍ പാന്‍ഡെമിക്കും പിന്നാലെ ആരോഗ്യമേഖലയിലെ പലവിധ പ്രതിസന്ധികളും മൂലം നാല് വര്‍ഷമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കനേഡിയന്‍ മാധ്യമത്തോട് പറഞ്ഞു. താന്‍ 15,000 പേരുടെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടെന്നാണ് ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാല്‍ ആ ലിസ്റ്റില്‍ തന്റെ പേര് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആശങ്കയോടെ പറഞ്ഞു. 

''വേദന കൂടി സ്ഥിതി ആകെ വഷളായി വരികയാണ്. ഊന്നുവടിയുടെ സഹായത്തോടെയാണ് നടപ്പ്''- മില്ലാര്‍ഡ് പറയുന്നു. വളരെ ദൈര്‍ഘ്യമേറിയതായിരിക്കും ശസ്ത്രക്രിയ എന്നും സുഖപ്പെടാന്‍ ദീര്‍ഘനാളെടുക്കുമെന്നുമാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ പറയുന്നത്. 

അതേസമയം, മില്ലാര്‍ഡിന്റെ പരിതാപകരമായ അവസ്ഥ കണ്ട് അദ്ദേഹത്തിന്റെ സുഹൃത്ത് ക്ലാര ഹൂപ്പര്‍ അടുത്തിടെ ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സിന് കത്ത് എഴുതിയിരുന്നു. എന്നാല്‍ മറുപടിയോ മറ്റ് നടപടികളോ ഉണ്ടായില്ലെന്നും ഹൂപ്പര്‍ പറഞ്ഞു. പ്രവിശ്യയിലെ ആരോഗ്യപരിപാലന സംവിധാനത്തില്‍ താന്‍ വളരെ നിരാശനാണെന്ന് ഹൂപ്പര്‍ പറഞ്ഞു. ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നും മാറ്റങ്ങള്‍ അനിവാര്യമാണെന്നും സാധാരണക്കാര്‍ക്ക് കൂടുതല്‍ സഹായകമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.