ബേണബിയില്‍ മഞ്ഞ് നീക്കം ചെയ്യാത്ത 50 കാറുകള്‍ നിരത്തില്‍ നിന്നും മാറ്റിയതായി ആര്‍സിഎംപി 

By: 600002 On: Dec 20, 2022, 12:36 PM

ബേണബിയില്‍ തിങ്കളാഴ്ച രാവിലെ മഞ്ഞ് നീക്കം ചെയ്യാത്ത 50 ഓളം വാഹനങ്ങള്‍ നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. മഞ്ഞ് നീക്കം ചെയ്യാതെ, കാഴ്ച മറയ്ക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ പോലീസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. പിന്‍വശത്തെ വിന്‍ഡോയിലെ മഞ്ഞ് നീക്കം ചെയ്യാതെയും കാറുകളുടെ മുകള്‍ ഭാഗങ്ങളില്‍ കിടക്കുന്ന മഞ്ഞ് നീക്കം ചെയ്യാതെയുമൊക്കെയാണ് ഡ്രൈവര്‍മാര്‍ റോഡിലൂടെ വാഹനങ്ങള്‍ ഓടിക്കുന്നത്. ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ലെന്നും ശൈത്യകാല, കൊടുങ്കാറ്റ് മുന്നറിയിപ്പുകള്‍ പ്രാബല്യത്തിലുള്ളപ്പോള്‍ മഞ്ഞ് നീക്കം ചെയ്യാതെ വാഹനമോടിക്കുന്നത് അപകടങ്ങളുണ്ടാക്കുമെന്നും പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

അതേസമയം, നീക്കം ചെയ്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടോയെന്നത് പോലീസ് വ്യക്തമാക്കിയിട്ടില്ല. കാഴ്ച തടസ്സപ്പെടുത്തി വാഹനമോടിക്കുന്നത് പ്രവിശ്യയുടെ മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിന്റെ ലംഘനമാണെന്ന് പോലീസ് ഓര്‍മിപ്പിച്ചു. നിയമലംഘനം നടത്തിയാല്‍ 109 ഡോളറും മൂന്ന് പോയിന്റുമാണ് പിഴ. വാഹനമോടിക്കുന്നവര്‍ അവരുടെ വാഹനങ്ങളിലെ വിന്‍ഡ്ഷീല്‍ഡുകള്‍ വൃത്തിയാക്കേണ്ടതാണെന്നും ഹെഡ്‌ലൈറ്റുകളിലെയും ടെയില്‍ലൈറ്റുകളിലെയും മഞ്ഞ് നീക്കം ചെയ്യണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.