YYC കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇനി വരുന്നത് തിരക്കേറിയ ദിനങ്ങളാണ്. അധികൃതര്‍ പുറത്തുവിടുന്ന കണക്കുകള്‍ അനുസരിച്ച് ജനുവരി 3 വരെ ഓരോ ദിവസവും 50,000ത്തിലധികം യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 22, 23, 27 തീയതികളാണ് ഏറ്റവും തിരക്കേറിയ ദിവസങ്ങളായി കരുതുന്നത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ തന്നെ തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതായി എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. വിമാനത്താവളത്തില്‍ യാത്രയ്ക്കായെത്തിയവര്‍ ഇതിനോടകം ഫ്‌ളൈറ്റ് കാലതാമസവും എയര്‍പോര്‍ട്ടില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്നതും മറ്റ് പ്രശ്‌നങ്ങളും അഭിമുഖീകരിച്ചു തുടങ്ങിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ കാല്‍ഗറിയില്‍ എത്തേണ്ടിയിരുന്ന 28 വിമാനങ്ങള്‍ റദ്ദാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എഴുപതിലധികം വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. പല യാത്രക്കാരും വിമാനത്താവളത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.
വാന്‍കുവര്‍, മോണ്‍ട്രിയല്‍, ടൊറന്റോ എന്നിവടങ്ങളിലെ കനത്ത മഞ്ഞ് ഫ്‌ളൈറ്റ് വൈകുന്നതിന് കാരണമാകുന്നതായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, യാത്രക്കാരുടെ തിരക്ക്, എയര്‍പോര്‍ട്ട് ജീവനക്കാരുടെ കുറവ്, വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, കണക്ഷന്‍ ഫ്‌ളൈറ്റുകളുടെ വൈകല്‍ എന്നിവയും കാലതാമസമുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.