28 ഓളം ജനപ്രിയ ബ്രാന്‍ഡുകളുടെ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയവും ലെഡും: കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് 

By: 600002 On: Dec 20, 2022, 9:02 AM

 

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവര്‍ക്കും ഇഷ്ടമാണ് ചോക്ലേറ്റുകള്‍. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അറിഞ്ഞാല്‍ എല്ലാവരുമൊന്ന് ഞെട്ടും. കാര്യമെന്തെന്നാല്‍ നാം ഇഷ്ടത്തോടെ വാങ്ങിക്കഴിക്കുന്ന ഡാര്‍ക്ക് ചോക്ക്‌ളേറ്റുകളില്‍ മിക്കതിലും ലെഡും മറ്റ് ലോഹങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് വ്യാഴാഴ്ച പുറത്തിറങ്ങിയ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് മധിര പലഹാരങ്ങളെക്കാള്‍ ആരോഗ്യകരമെന്ന് ദീര്‍ഘകാലമായി വീക്ഷിക്കപ്പെടുന്ന ചിലതരം ഡാര്‍ക്ക് ചോക്ക്‌ളേറ്റുകളിലാണ് അപകടകരമായ അളവില്‍ ലോഹങ്ങള്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു അഡ്വക്കസി ഓര്‍ഗനൈസേഷനിലെ ഗവേഷകര്‍ അടുത്തിടെ 28 ജനപ്രിയ ബ്രാന്‍ഡുകളുടെ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ കട്ടിയുള്ള ലോഹ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. കാഡ്മിയവും ലെഡും പരിശോധനയില്‍ ഗവേഷകര്‍ ചോക്ലേറ്റുകളില്‍ കണ്ടെത്തി. 23 ചോക്ലേറ്റ് ബാറുകളില്‍, ഒരു ദിവസം ഒരു ഔണ്‍സ് കഴിക്കുന്ന മുതിര്‍ന്ന ഒരു വ്യക്തിക്ക് ഹാനികരമായേക്കാവുന്ന അളവിലാണ് ലോഹങ്ങള്‍. അഞ്ച് ചോക്ലേറ്റ് ബാറുകളില്‍ കാഡ്മിയത്തിന്റെയും ലെഡിന്റെയും അളവ് പരിധിക്കും മുകളിലാണ്. 

ചെറിയ അളവിലുള്ള ഘനലോഹങ്ങള്‍ പോലും ദീര്‍ഘകാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നിരിക്കെ ഇത്തരം ചോക്ലേറ്റുകള്‍ കഴിക്കുന്ന കുട്ടികളില്‍ ബുദ്ധി വളര്‍ച്ചയെ സാരമായി ബാധിക്കുകയും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു.