ഞായറാഴ്ച രാത്രി ഒന്റാരിയോയിലെ വോണില്‍ നടന്ന കൂട്ട വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് പേരില്‍ മൂന്ന് പേര് കോണ്ടോമിനിയം ബോര്‍ഡ് അംഗങ്ങളെന്ന് പോലീസ്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. മരിച്ചവരില്‍ മൂന്ന് പേര് പുരുഷന്മാരും രണ്ട് പേര് സ്ത്രീകളുമാണ്. 66 വയസ്സുള്ള സ്ത്രീക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യോര്‍ക്ക് റീജിയണല്‍ പോലീസ് പറഞ്ഞു.
ജെയ്ന്‍ സ്ട്രീറ്റിലെ റഥര്‍ഫോര്‍ഡ് റോഡിലുള്ള ഒരു കോണ്ടോ കെട്ടിടത്തിലാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പുണ്ടാകാനുള്ള കാരണം വ്യക്തമല്ല. വിവരമറിഞ്ഞെത്തിയ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പ്രതിയും കൊല്ലപ്പെട്ടു. പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 73കാരനായ ഫ്രാന്സെസ്കോവില്ലി എന്നയാളാണ് പ്രതിയെന്ന് യോര്‍ക്ക് റീജിയണല്‍ പോലീസ് ചീഫ് സ്ഥിരീകരിച്ചു.
തോക്കുധാരിയായ പ്രതി കെട്ടിടത്തിലെത്തി കോണ്ടോ ബോര്‍ഡ് അംഗങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി ദൃക്സാക്ഷികളായ കെട്ടിടത്തിലെ ചില താമസക്കാര്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും വെടിവയ്പില്‍ മറ്റ് ചിലര്‍ക്ക് പരുക്കേറ്റതായി സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വെടിവെപ്പുമായി ബന്ധപ്പെട്ട് പോലീസ് ഒന്നിലധികം സെര്‍ച്ച് വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നടപ്പിലാക്കുകയും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.