ഭീകരതയ്‌ക്കെതിരായ പ്രവർത്തനത്തിൽ ഇന്ത്യ നേട്ടം കൈവരിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. 

By: 600021 On: Dec 19, 2022, 6:59 PM

'ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലാത്ത സമീപനം' എന്നതിലാണ് ഇന്ത്യാ ഗവൺമെന്റിൻ്റെ  നയപരമായ ശ്രദ്ധയെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. സായുധ സേനയുടെ ഇടപെടൽ മൂലം ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങളിൽ 168% കുറവുണ്ടായതായും ഭീകര പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ 94% കേസുകളിലും  കുറ്റക്കാർ ശിക്ഷിക്കപ്പെട്ടെന്നും ഠാക്കൂർ പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനുള്ള ഗവൺമെന്റിൻ്റെ  ശ്രമങ്ങളെക്കുറിച്ച് പറഞ്ഞ മന്ത്രി, 2014ന് ശേഷം കലാപങ്ങൾ 80 ശതമാനം കുത്തനെ കുറഞ്ഞതായും  സാധാരണ പൗരന്മാരുടെ മരണങ്ങൾ 89 ശതമാനം കുറഞ്ഞതായും ചൂണ്ടിക്കാട്ടി. ആഗോള വേദികളിൽ  ഭീകരവാദത്തെ സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ച  ഇന്ത്യൻ  ഗവൺമെന്റിൻ്റെ  പ്രവർത്ത  ഫലമായി ബോഡോ കരാർ, ബ്രൂ-റിയാങ് കരാർ,  NLFT-ത്രിപുര കരാർ,  കാർബി ആംഗ്ലോംഗ് കരാർ, അസം-മേഘാലയ അന്തർ സംസ്ഥാന അതിർത്തി കരാർ എന്നീ സമാധാന ഉടമ്പടികൾ യാഥാർത്ഥ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതബാധിതരായ ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്നത് പരമപ്രധാനമായി ഗവൺമെന്റ് കരുതുന്നതായും  ലോകമെമ്പാടും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിൽ രാജ്യം മുൻപന്തിയിലുണ്ടെന്നും ചൂണ്ടിക്കാട്ടിയ ഠാക്കൂർ ഗംഗ ദൗത്യം, ദേവി ശക്തി ദൗത്യം, വന്ദേ ഭാരത് ദൗത്യം തുടങ്ങിയവയിലൂടെ നിരവധി പൗരന്മാരെ മോചിപ്പിക്കാൻ കഴിഞ്ഞെന്നും  എടുത്തുപറഞ്ഞു.