2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുന്നതോടനുബന്ധിച്ച് റിലയൻസ് ജിയോയുടെ കേരളത്തിലെ അതിവേഗ ഇന്‍റർനെറ്റ് 5 ജി സേവനം നാളെ മുതൽ കൊച്ചിയിൽ. നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ലഭ്യമാകുന്ന ആദ്യ- ഘട്ട സേവനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് ഇക്കഴിഞ്ഞ ഒക്ടോബറിൽ വെൽകം ഓഫർ വഴി ജിയോ 5 ജി ആദ്യഘട്ട സേവനം എത്തിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ, മെറ്റാവേർസ് തുടങ്ങി 21 -ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5 ജി സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിഅന്ന് പറഞ്ഞിരുന്നു. അതേസമയം ജിയോക്ക് പിന്നാലെ വരും മാസങ്ങളിൽ 5 ജി സേവനങ്ങളുമായി ബി എസ് എൻ എല്ലും രംഗത്ത് എത്തുമെന്ന് പുതിയ റിപോർട്ടുകൾ. ബി എസ് എൻ എല്ലിൻ്റെ രാജ്യത്തൊട്ടാകെയുള്ള 1.35 ലക്ഷം ടവറുകളിലൂടെ ഇത് സാധ്യമാക്കുമെന്ന് കേന്ദ്ര ടെലികോം - റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.