കാനഡയിലുള്ള യുവ ഡോക്ടര്‍മാര്‍ രാജ്യത്തിനു പുറത്ത് അവസരങ്ങള്‍ തേടിപോകുന്നത് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ മെഡിക്കല്‍ പരിശീലന റിസോഴ്‌സുകളുടെ അഭാവമാണ് ഇതിന് കാരണമെന്നാണ് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. കാനഡയിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ മികച്ച അവസരങ്ങള്‍ കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരും പാടുപെടുകയാണ്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് ഇവരെ ചേക്കേറാന്‍ പ്രേരിപ്പിക്കും.
കാനഡയ്ക്ക് പുറത്ത് തങ്ങളുടെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നതിനോ ജോലി തേടുന്നതിനോ അവരുടെ മേഖലയില്‍ പരിശീലനം നടത്തുന്നതിനോ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാരും സമ്മതിക്കുന്നു.
ഫ്‌ളൂ, ആര്‍എസ്‌വി, കോവിഡ്-19 എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ എപ്പിഡെമിക് തുടരുന്നതിനാല്‍ കാനഡ പുതിയ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ രംഗങ്ങളിലേക്ക് സ്വീകരിക്കുന്നതിനുള്ള പ്രക്രിയ വിപുലീകരിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
കനേഡിയന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ അനുസരിച്ച്, 2021 ല്‍ കാനഡയില്‍ 93,998 ഫിസിഷ്യന്‍ന്മാര്‍ ജോലി ചെയ്യുന്നുണ്ട്. 2020 നെ അപേക്ഷിച്ച് രണ്ട് ശതമാനം നേരിയ വര്‍ധനവാണ് ഉണ്ടായത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ ബിരുദ പഠനം പൂര്‍ത്തിയാക്കികഴിഞ്ഞാല്‍ അവര്‍ അവരുടെ മേഖലയില്‍ അനുഭവസമ്പത്ത് നേടുന്നതിന് ഒരു മെഡിക്കല്‍ സ്ഥാപനത്തിനുള്ളില്‍ ബിരുദാനന്തര മെഡിക്കല്‍ പരിശീലനമോ റെസിഡന്‍സി പരിശീലനമോ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ കാനഡയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ റെസിഡന്‍സി പരിശീലനത്തിനായുള്ള അവസരങ്ങള്‍ കണ്ടെത്താന്‍ പാടുപെടുകയാണ്. അതിനാലാണ് പരിശീലനം പൂര്‍ത്തിയാക്കാനും ജോലി നേടാനുമായി രാജ്യത്തിന് പുറത്തേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്നത്.