''തനിക്ക് കൂടെ പാർപ്പിച്ചാൽ പോരായിരുന്നോ...?'' ന്യുജെൻ മാര്യേജ് Part-9

By: 600009 On: Nov 25, 2022, 8:54 AM

Written by, Abraham George, Chicago.

പിടിച്ചു നിൽക്കാൻ നിവർത്തിയില്ലാതായപ്പോൾ ബെന്നി മരണത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. കൈ നിറയെ സ്വത്തുണ്ട്, ഒറ്റൊക്കൊന്നും ചെയ്യാനാവാത്ത അവസ്ഥ. അപ്പൻ ചെയ്തു വെച്ചു പോയ കടുംകൈ. അപ്പനെ ഒരു നിമിഷം ശപിച്ചുപോയി, പിന്നെ ആലോചിച്ചു, അപ്പൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, എല്ലാം നശിച്ചേനെ, അല്ല, ഞാൻ തന്നെ നശിപ്പിച്ചേനെ. ഒരു പ്രകാരത്തിൽ പറഞ്ഞാൽ, അപ്പൻ ചെയ്തതാണ് ശരി. ഇന്നെൻ്റെ അവസ്ഥ ദയനീയമാണന്നുള്ളത് സത്യം തന്നെ. കടൽവെള്ളത്തിൽ കിടക്കുന്നവൻ ദാഹജലത്തിനായി കേഴുന്നതു മാതിരിയായി എൻ്റെ സ്ഥിതി. സഹോദരി ആനി വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. പക്ഷെ എല്ലാം വിറ്റുതുലക്കാൻ അവൾ കൂട്ടുനിൽക്കില്ല. ബാങ്കിൽ കിടന്ന പണം മുഴുവനും നശിപ്പിച്ച, തന്നോട് സഹകരിക്കാനാവില്ലായെന്നതാണ് അവളുടെ വാശി. ആ പണം അപ്പൻ ബിസിനസ്സ് ആവശ്യത്തിനായി ഞങ്ങൾക്ക് വീതം വെച്ച് തന്നതാണ്. അതിനെക്കുറിച്ച് അവൾക്ക് ഒരു വാക്കുപോലും പറയേണ്ട കാര്യമില്ല. എന്നാലും അവൾ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയാണ്. എന്തിനവൾ വീട് വിട്ടിറങ്ങി കറങ്ങി നടക്കുന്നു. അനാവശ്യമായ കൂട്ടുകെട്ടിൽ പെട്ട്, അവളും ജീവിതം പാഴാക്കുകയാണ്. എന്നോടുള്ള പക തീർക്കാൻ വേണ്ടി സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്തിനെന്നും മനസ്സിലാകുന്നില്ല.

വിഷമാവസ്ഥയിൽ അവളും കുറെ പണം തന്ന് സഹായിച്ചത് സത്യമാണ്. എല്ലാം കണക്കു പറഞ്ഞ് മടക്കി കൊടുക്കാൻ ഞാൻ തയ്യാറാണ്. ബിസ്സിനസ് മെച്ചപ്പെട്ടാലല്ലേ, എല്ലാം ചെയ്യാൻ പറ്റു. അവളുകൂടി നോക്കിയിരുന്ന ബിസ്സിനസ്സാണ് വലിച്ചെറിഞ്ഞിട്ട് പോയത്. അവളുടെ ഹൃദയം കഠിനമാണ്. അപ്പൻ്റെ അതേ സ്വഭാവം. ഒരു മയത്തിൽ അവളെ കൂടെ നിർത്താൻ കഴിയാതെ പോയതിൽ അയാൾക്ക് വിഷമം തോന്നി. തൻ്റെ ആദ്യകാലത്തെ കുത്തഴിഞ്ഞ ജീവിതമാണ്, എല്ലാം നശിച്ചതെന്ന് അയാൾ ഓർത്തു. ഒരു കുഞ്ഞുപോലും അറിയാതെ സ്ത്രീകളുമായി നടത്തിയ അവിഹിതത്തിൽ പൊലിഞ്ഞത് ലക്ഷങ്ങൾ, പിന്നെ പണം ഉണ്ടാക്കാൻ വേണ്ടി നടത്തിയ കുറച്ച് ചൂതാട്ടവും. എല്ലാം നാശത്തിൽ കൊണ്ടെത്തിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ?

രണ്ടും കൽപ്പിച്ചാണ് അയാൾ വയനാട്ടിലുള്ള തൻ്റെ തറവാട്ട് വീട്ടിലേക്ക് പോന്നത്, "കൽപ്പറ്റ." അവിടെ തേയിലത്തോട്ടവും കാപ്പിത്തോട്ടവും നെൽകൃഷിയും മറ്റും ഉണ്ട്. ഇവിടത്തെ ചിലവു കഴിഞ്ഞുള്ള ലാഭം മുഴുവൻ ബാങ്കിലേക്ക് പോകുന്നു. എല്ലാ കാര്യങ്ങളും നടത്തിപ്പുകാരൻ കേശവൻ ഭംഗിയായി നടത്തുന്നുണ്ട്. ബാങ്കിൽ നിന്ന് പണം എടുക്കണമെങ്കിൽ ആനി കൂടി സഹകരിക്കണം, "ജോയ്ൻ്റ് അക്കൗണ്ട് ".

ഇപ്പോളെന്തെങ്കിലും കിട്ടിയാൽ തീരുന്ന പ്രശ്നമല്ലായെൻ്റേത്, ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുണ്ട്. അയാൾ തലവിധിയോർത്ത് കുറെ നേരം കരഞ്ഞു. ആനിയുടെ മുമ്പിൽ താഴാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല. താഴ്ന്നിട്ടും കാര്യമില്ല. അവളുടെ ജീവിതം നശിപ്പിച്ചത് താനാണെന്നാണ് അവളുടെ വിചാരം. അതും ശരി തന്നെയാണ്. അപ്പോളത്തെ പണമാവശ്യത്തിന് അവളെ കുരുതി കൊടുത്തു, എല്ലാം എൻ്റെ തെറ്റു തന്നെ. എങ്ങനെയെങ്കിലും പണം കയ്യിൽ വരാൻ, മറ്റൊരു വഴിയും കണ്ടില്ല. സ്വന്തം സഹോദരിയെ കാത്ത് രക്ഷിക്കേണ്ടവൻ, അറിഞ്ഞു കൊണ്ടു തന്നെ ചെയ്ത ചതി.

ജേക്കബിനെക്കുറിച്ച് വ്യക്തമായി എനിക്കറിയാമായിരുന്നു, വിവാഹ ശേഷം അയാൾ നന്നാകുമെന്ന് കരുതിയതാണെൻ്റെ തെറ്റ്. അയാൾ ശരിയായില്ലായെന്നു മാത്രമല്ല സഹോദരിയുടെ ജീവിതവും നശിപ്പിച്ചു. വിവാഹ ശേഷം ആനി, അവൾക്ക് തോന്നിയ വഴിയിൽ സഞ്ചരിക്കാൻ തുടങ്ങി, പിടിച്ചാൽ കിട്ടാത്ത പോലെയവൾ മാറി. അവൾ ഞാനുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു, അനുനയിപ്പിക്കാൻ ഒരു നിവർത്തിയുമില്ലാത്തവസ്ഥ. പല വഴിയിലൂടെയും അവളെ കൂടെ നിർത്താൻ ശ്രമിച്ചു. മെരുങ്ങാത്ത സ്വഭാവം അവളിൽ കടന്നു കൂടി. കുത്തഴിഞ്ഞ അവളുടെ ജീവതത്തെ നിയന്ത്രിക്കാൻ എനിക്കാവാതെയായിയെന്ന് പറയുന്നതായിരിക്കും ശരി. ആനിയുടെ കൂട്ടുകാരികളിൽ പലരെയും ഞാൻ സമീപിച്ച് അവളെ നേർവഴിക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു നോക്കിയതാണ്, അതുകൊണ്ടൊന്നും ഗുണമുണ്ടായില്ല. ആരും എൻ്റെ കാര്യത്തിൽ ഇടപെടെണ്ടായെന്ന ഒറ്റ വാശിയിലാണ് ആനി.

എൻ്റെയെല്ലാ കാര്യങ്ങളും അവതാളത്തിലായി കിടക്കുന്നു. ബാഗ്ലൂരുള്ള തൻ്റെ ഐ.ടി. കമ്പനിയിലെ സ്റ്റാഫുകൾ ശമ്പളം കിട്ടാതെ വലയുകയാണന്ന് അറിയാം. എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ആനിയെ കൊലപ്പെടുത്തിയാൽ, സ്വത്തു മുഴുവൻ തൻ്റെ അധീനതയിൽ വരുമെന്ന് വരെ ചിന്തിച്ചു പോയി, അത് പ്രശ്നം കൂടുതൽ ഗുരുതരം ആകുകയേയുള്ളുവെന്ന് ഓർത്തപ്പോൾ പിൻമാറി. ഇപ്പോൾ അവൾ ഏതോ കിണ്ടാസ്സിൽ ചെന്ന് ചാടിയിട്ടുണ്ടെന്നും കേട്ടു. പോലീസ് പിടിച്ച് കഴുത്തിൽ വെച്ച് കൊടുത്തുവെന്നാണ് കേൾവി. ഇനി ആ പൊല്ലാപ്പിൽ നിന്നും അവൾ എങ്ങനെ തടിയൂരുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. കമ്പനി വേണമെങ്കിൽ ബാങ്ക് ജപ്തി ചെയ്ത് കൊണ്ടു പോകട്ടെ. ജീവിക്കാനുള്ള വക തറവാട്ടിലുണ്ട്. എന്നാലും ആർഭാടമായി ജീവിച്ച തനിക്ക് ഈ ഗതി വന്നല്ലോയെന്ന് ഓർക്കുമ്പോൾ ചങ്ക് പൊട്ടി പോകുന്നു. എങ്ങനെയെങ്കിലും ജീവിച്ചിട്ടെന്തിന്, അതിലും നല്ലത് മരണമാണെന്ന് അയാൾ ചിന്തിച്ചു.

അന്വേഷിച്ച് പിടിച്ചാണ് ജോർജ് വയനാട്ടിലെ ബെന്നിയുടെ വീട്ടിലെത്തിയത്. ബെന്നിയെ കാണാൻ അവിടത്തെ മേൽനോട്ടക്കാരനായ  കേശവൻ്റെ സഹായം വേണ്ടിവന്നു. കേശവൻ നല്ലൊരു മനുഷ്യനാണന്ന് കണ്ടമാത്രയിൽ തന്നെ മനസ്സിലായി. അയാൾക്ക് എല്ലാം വേണ്ട മാതിരി കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയുണ്ട്, അയാളെ തീർച്ചയായും വിശ്വസിക്കാം, അല്ലെങ്കിൽ ആങ്ങളയുടെയും പെങ്ങളുടെയും കുത്തഴിഞ്ഞ ജീവിതത്തിൽ, സ്വത്തെല്ലാം നശിച്ചേനെ.

ഞാൻ കേശവനോട് ചോദിച്ചു "ബെന്നിയുണ്ടോ, ഒന്ന് കാണണമായിരുന്നു."

"ആരാ, ആരു വന്നുവെന്ന് പറയണം." അയാൾ ചോദിച്ചു.

" ജോർജ്, ബാഗ്ലൂരിൽ നിന്ന് വന്നതാണന്ന് പറഞ്ഞാൽ മതി. സാറിനെ അത്യാവശ്യമായി കാണണമെന്നും പറയണം." ഞാൻ പറഞ്ഞു.

അയാളെന്നെ സിറ്റ് ഔട്ടിൽ ഇരുത്തിയ ശേഷം, അകത്തേക്ക് പോയി. കേശവന് അവിടെ സർവ സ്വാതന്ത്രവും ഉണ്ടെന്ന് നടത്തത്തിൽ മനസ്സിലായി. മതിലിരിക്കുന്ന മാനിൻ്റെ രണ്ടു തലകൾ നോക്കിയിരിക്കുമ്പോൾ ബെന്നി കടന്നു വന്നു.

"ഇതാര് ജോർജോ.. താനാണല്ലേ എൻ്റെ സഹോദരിയുടെ പുതിയ ഭർത്താവ്. താൻ പണ്ട് കല്യാണ ആലോചനയുമായി എൻ്റെ അടുത്തു വന്നപ്പോൾ തന്നെ എനിക്കറിയാമായിരുന്നു, താൻ എങ്ങനെയെങ്കിലും അവളുടെ കഴുത്തിൽ താലികെട്ടുമെന്ന്. കോടികളുടെ ആസ്തിയല്ലേ അവൾക്കുള്ളത്, പിന്നെയെങ്ങനെ വേണ്ടായെന്ന് വെക്കുമല്ലേ? എന്നാൽ അവളുടെ സ്വഭാവം താൻ മനസ്സിലാക്കിയിട്ടില്ല. ചില്ലിക്കാശ് തനിക്കതിൽ നിന്നും കിട്ടാൻ പോകുന്നില്ല. താൻ എടുത്തു വെച്ചത് വലിയ കുരിശായിപ്പോയി ജോർജേ.. എന്തായാലും താൻ തന്നെ അനുഭവിക്ക്. തനിക്ക് സുഖം തന്നെയല്ലേടോ..? "

"സുഖമാണ് സർ .. " പഴയ കാല ബോസ് എന്ന പരിഗണയിൽ പറഞ്ഞു.

"താൻ എന്നെ എന്തിനാണാവോ, ഇത്രയും ദൂരം അന്വേഷിച്ചു വന്നത്. അതിൽ എന്തെങ്കിലും കാരണം കാണുമല്ലോ? ഞാൻ നിങ്ങളുടെ സഹോദരിയുടെ തൽക്കാലിക ഭർത്താവാണ്. ഒരു കുട്ടി ജനിക്കുന്നതുവരെ, ഞങ്ങളുടെ ബന്ധമുള്ളൂ. അതാണ് ഞങ്ങൾ തമ്മിലുള്ള ഡീൽ. അല്ലാതെ നിങ്ങളുടെ സഹോദരിയുടെ സ്വത്തെല്ലാം കൈക്കലാക്കാൻ മോഹിച്ചല്ലാ, ഞാൻ അവളെ സ്വീകരിച്ചത്.  ഇങ്ങനെത്തെ ഒരു കല്യാണത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല. സത്യം പറഞ്ഞാൽ ഒരു കെണിയിൽ പെട്ടു പോയി. ഇനി അനുഭവിക്കുകയല്ലേ നിവർത്തിയുള്ളൂ. പക്ഷെ ഇപ്പോൾ അവളോട് കുറച്ച് സ്നേഹം തോന്നുന്നുണ്ട്. മറ്റൊന്നും കൊണ്ടല്ല, അവളുടെ ഇപ്പോളത്തെ അവസ്ഥ കൊണ്ട്."

"ഇതൊരു പുതിയ കേട്ടറിവാണല്ലോ ജോർജേ .. പിന്നെയെന്തിനാണ് വിവാഹം രജിസ്റ്റർ ചെയ്തത്. തനിക്ക് കൂടെ പാർപ്പിച്ചാൽ പോരായിരുന്നോ? അതല്ലേ അതിൻ്റെ രീതി. ഇപ്പോൾ വലിയ നഗരങ്ങളിലൊക്കെ ഡീൽ വിവാഹം സർവസാധാരണമാണ്. അപ്പോൾ താൻ ആനിയുടെ താൽക്കാലിക ഭർത്താവാണല്ലേ? കൊള്ളാം, അവളുടെ ബുദ്ധി, അല്ലെങ്കിലും അവൾക്കിത്തിരി ബുദ്ധി കൂടുതലാണ്, തനിക്കത് തരിയില്ലാതെയും പോയി."

"അങ്ങനെ സംഭവിച്ചു പോയതാണ് സർ. എന്നാലും ഞങ്ങളുടെ ഡീലിന് മാറ്റമില്ല. കൂടിപ്പോയാൽ രണ്ടു വർഷം, അത്രേ ഇതിന് ആയുസ്സുള്ളു. "

"അതുകൊണ്ട് തനിക്കുള്ള നേട്ടമെന്താണ്? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ?"

"പണം അത്രേയുള്ളൂ. പണം മോഹിച്ചാണ് ആദ്യം ഡീൽ ചെയ്തതെങ്കിലും, ഇപ്പോൾ ഞാനത് ആഗ്രഹിക്കുന്നില്ല. പക്ഷെ ഞാൻ വന്നത് ഇത് പറയാനല്ല. താങ്കളുടെ സഹോദരി ആനി ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സർ അവിടത്തോളം വരണം. അതിനുള്ള മനസ്സെങ്കിലും കാണിക്കണം. ഒന്നുമല്ലെങ്കിൽ നിങ്ങളുടെ സ്വന്തം സഹോദരിയല്ലേ? "

"എന്നെ കണ്ണെടുത്താൽ കണ്ടു കൂടാത്തവളുടെ അടുത്തേക്ക് ഞാനെന്തിന് വരണം "ബെന്നി പറഞ്ഞു.

"ഇപ്പോളത്തെ അവസ്ഥ അതല്ല. നിങ്ങളെ കണ്ടാൽ അവൾക്ക് സന്തോഷമാകും, തീർച്ചയായും അവൾ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. എന്തായാലും നിങ്ങൾ കൂടപ്പിറപ്പുകളല്ലേ? പരസ്പരം ക്ഷമിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ. ആനിയെല്ലാം ക്ഷമിക്കുമെന്ന് ഉറപ്പാണ്. സാർ കൂടി സഹകരിച്ചാൽ, നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരും. അതിനു വേണ്ടി മാത്രമാണ്, തിരഞ്ഞ് പിടിച്ച് ഞാനിവിടം വരെയെത്തിയത്."

ബെന്നി കുറച്ചു നേരത്തെ മൗനത്തിനു ശേഷം പറഞ്ഞു " വരാം, താൻ പോയ്ക്കോ."

-----തുടരും-----