ഫെബ്രുവരി 17 മുതല്‍ 21 വരെ ഫ്രീഡം കണ്‍വോയ് 2.0 ആഹ്വാനം ചെയ്ത് കാനഡ യൂണിറ്റി 

By: 600002 On: Nov 25, 2022, 7:03 AM


ഓട്ടവയില്‍ വീണ്ടും ഫ്രീഡം കണ്‍വോയ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഫ്രീഡം കണ്‍വോയ് സംഘാടകരിലൊരാളും കാനഡ യൂണിറ്റി എന്ന ഗ്രൂപ്പിന്റെ സ്ഥാപകനുമായ ജെയിംസ് ബൗഡറാണ് ആഹ്വാനത്തിന് പിന്നില്‍. ഫെബ്രുവരി 17 മുതല്‍ 21 വരെ ഓട്ടവയില്‍ ഫ്രീഡം കണ്‍വോയ് 2.0 നടത്തണമെന്നാണ് ബൗഡറിന്റെ ആഹ്വാനം. ജെയിംസ് ബൗഡറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് പ്രകടനം ആരംഭിക്കുന്നതിന്റെ സൂചനകള്‍ ലഭിച്ചത്. 

ഫെബ്രുവരി 20ന് ഫ്രീഡം കണ്‍വോയ് പ്രതിഷേധത്തെ നേരിടുന്നതിനിടെ പോലീസ് ഓട്ടവയില്‍ വെച്ച് ബൗഡറെ അറസ്റ്റ് ചെയ്തിരുന്നു. കുറ്റങ്ങള്‍ ചുമത്തിയ ബൗഡറെ ഓട്ടവ ഡൗണ്‍ടൗണിലേക്ക് മടങ്ങരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. 

അതേസമയം, ബൗഡറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഓട്ടവ പോലീസ് വക്താവ് പ്രതികരിച്ചു. സിറ്റിയെ ബാധിച്ചേക്കാവുന്ന വരാനിരിക്കുന്ന ഇവന്റുകള്‍, പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ ഓട്ടവ പോലീസ് തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.