ഫ്‌ളൂ കേസുകള്‍ വര്‍ധിക്കുന്നു: ബീസിയിലെ ആശുപത്രികളില്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെച്ചേക്കും

By: 600002 On: Nov 25, 2022, 6:37 AM


ബീസിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച രോഗികള്‍ക്ക് കൂടുതല്‍ ചികിത്സ നല്‍കുന്നതിനായി ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ആ ഘട്ടത്തിലെത്തിയിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെന്നാണ് സൂചന. 

ഫ്‌ളൂ, കോവിഡ്-19, ആര്‍എസ്‌വി തുടങ്ങിയവ ഉള്‍പ്പെടെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ബാധിച്ച് എത്തുന്ന രോഗികള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ആശുപത്രിയില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനായുള്ള മാര്‍ഗമാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെക്കുന്നതെന്ന് ആരോഗ്യമന്ത്രി അഡ്രിയാന്‍ ഡിക്‌സ് പറയുന്നു. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ രോഗികളുടെ വര്‍ധനവ് കാരണം അത്യാഹിത വിഭാഗത്തില്‍ നിന്ന് ഗുരുതരമല്ലാത്ത അസുഖബാധിതരെ പ്രദേശത്തെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് വാന്‍കുവറിലെ ബീസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു. പ്രവിശ്യയിലെ മറ്റ് ആശുപത്രികളുടെ അവസ്ഥയും മറിച്ചല്ല. ഇതിന് പരിഹാരമായാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്.