ആല്‍ബെര്‍ട്ടയില്‍ 'ടോയ്‌സ് ഫോര്‍ ടിക്കറ്റ്' മടങ്ങിയെത്തുന്നു

By: 600002 On: Nov 25, 2022, 6:12 AM

 

പാര്‍ക്കിംഗ് ലോട്ടുകളില്‍ പിഴയൊടുക്കാന്‍ പണം നല്‍കുന്നതിന് പകരം കളിപ്പാട്ടം നല്‍കുന്ന സംവിധാനം തിരിച്ചെത്തുന്നു. ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) ആണ് ആന്വല്‍ കാംപെയ്ന്‍ വീണ്ടും അവതരിപ്പിക്കുന്നത്. ആളുകള്‍ക്ക് പിഴ അടയ്ക്കുന്നതിന് പകരം പുതിയതും കവര്‍ ചെയ്യാത്തതുമായ ഒരു കളിപ്പാട്ടം സംഭാവന ചെയ്യാന്‍ അവസരമൊരുക്കുന്ന ഈ പ്രോഗ്രാമിനെ 'ടോയ്‌സ് ഫോര്‍ ടിക്കറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. 

കോവിഡ്-19 ആരംഭിച്ചതോടുകൂടിയാണ് ക്യാമ്പെയ്ന്‍ അവസാനിപ്പിച്ചത്. അന്ന് അവതരിപ്പിച്ച പ്രോഗ്രാം വന്‍ വിജയമായിരുന്നു. ഈ അവധിക്കാലത്ത് വീണ്ടും ഈ പ്രോഗ്രാം ആരംഭിക്കുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് എഎച്ച്എസ് പാര്‍ക്കിംഗ് ഡയറക്ടര്‍ നിക്ക് ടെര്‍നോവാറ്റ്‌സ്‌കി പറഞ്ഞു. നവംബര്‍ 14 നും ഡിസംബര്‍ 16 നും ഇടയില്‍ നല്‍കിയ പിഴ ടിക്കറ്റുകള്‍ക്ക് പകരം കളിപ്പാട്ടങ്ങള്‍ സ്വീകരിക്കും. ഇത് ഏതെങ്കിലും എഎച്ച്എസ് പാര്‍ക്കിംഗ് ഓഫീസില്‍ സ്വീകരിക്കുകയാണ് ചെയ്യുകയെന്ന് അധികൃതര്‍ അറിയിച്ചു. 

ഒറിജിനല്‍ പാക്കേജിംഗിലുള്ള നവജാത ശിശുക്കള്‍ മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങളാണ് നല്‍കേണ്ടത്. കുറഞ്ഞത് 25 ഡോളര്‍ വില വരുന്ന കളിപ്പാട്ടങ്ങളാണ് സ്വീകരിക്കുക. കളിപ്പാട്ടങ്ങള്‍ മാത്രമല്ല, പുസ്തകങ്ങള്‍, ആര്‍ട്ട് സപ്ലൈസ്, സയന്‍സ് കിറ്റുകള്‍, ഇലക്ട്രോണിക്‌സ്, ഹെഡ്‌ഫോണ്‍, ലെഗോ സെറ്റ്, പോര്‍ട്ടബിള്‍ ഡിവിഡി പ്ലെയറുകള്‍, ബേബി ടോയ്‌സ്, ജേണലുകള്‍, ആക്റ്റിവിറ്റി ബുക്കുകള്‍, കളറിംഗ് ബുക്കുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ തുടങ്ങി വിവിധ സമ്മാനങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. ഇവ വിവിധ കുട്ടികളുടെ ഫൗണ്ടേഷനുകള്‍ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവ വഴി പ്രവിശ്യയിലുടനീളമുള്ള കുട്ടികള്‍ക്ക് നല്‍കും. 

ടോയ്സ് ഫോര്‍ ടിക്കറ്റ് കാമ്പെയ്നെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് എഎച്ച്എസ് വെബ്സൈറ്റ് സന്ദര്‍ശിക്കാം.