ജറുസലേമിൽ രണ്ടിടത്തായുണ്ടായ ബോംബ് ആക്രമണങ്ങളിൽ 16കാരന്‍ കൊല്ലപ്പെട്ടു 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ജറുസലേം നഗരത്തിലേക്കുള്ള കവാടത്തിന് അടുത്തായുള്ള ഗിവത്ത് ഷാവുളിലാണ് പ്രാദേശിക സമയം 7 മണിയോടെ ആദ്യ സ്ഫോടനം ഉണ്ടായത്. മുപ്പത് മിനിറ്റിന് ശേഷം ജറുസലേം നഗരത്തിലേക്കുള്ള കവാടങ്ങളിലൊന്നായ റാമോത്ത് ജംഗ്ഷനിലായിരുന്നു രണ്ടാമത്തെ സ്ഫോടനം.
ഡിറ്റണേറ്ററുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരേ തരത്തിലുള്ള സ്ഫോടനമല്ല നടന്നതെങ്കില്‍ കൂടിയും രണ്ട് സ്ഫോടനം തമ്മിലും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഇസ്രയേലി ആഭ്യന്തര സുരക്ഷാമന്ത്രി ഒമര്‍ ബാര്‍ ലെവ് വിശദമാക്കി. സ്ഫോടനത്തിന് പിന്നാലെ ടെല്‍ അവീവിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു.
ഇസ്രയേലികള്‍ക്കെതിരായ വെടിവയ്പുകളും കത്തിയാക്രമണവും വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനിടയിലാണ് ജറുസലേമിലെ സ്ഫോടനം. രാജ്യത്ത് ഏറെക്കാലമായി നടന്നതില്‍ ഏറ്റവും ഗുരുതരമായ ആക്രമണമാണിതെന്ന് ഇസ്രയേല്‍ ആഭ്യന്തര സുരക്ഷാ മന്ത്രി പ്രതികരിച്ചു.