ചർച്ച വിജയം;റേഷൻ വ്യാപാരികൾക്ക് മുഴുവൻ കമ്മീഷനും നൽകുമെന്ന് മന്ത്രി അനിൽ

By: 600021 On: Nov 24, 2022, 6:02 PM

കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം  പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ വിളിച്ച ചർച്ച വിജയം. റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി.ഇതോടെ കടയടപ്പ് സമരത്തിൽ നിന്ന് പിന്മാറുമെന്നും, ആ സമരം തങ്ങൾക്ക് താത്പര്യമില്ലാതിരുന്നിട്ടും പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചതാണെന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ വ്യക്തമാക്കി

ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ച് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. ഈ സാമ്പത്തികവര്‍ഷത്തെ (2022-23) റേഷന്‍ വ്യാപാരി കമ്മീഷന്‍ ചെലവിലേക്ക് 216 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യ ധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ടുന്ന തുക ബജറ്റ് വകയിരുത്തിയിരുന്നില്ല.  ഈ വര്‍ഷം ആഗസ്റ്റിലാണ് പദ്ധതി  ഡിസംബര്‍ വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുന്‍കൂട്ടി കാണാന്‍ സംസ്ഥാന സര്‍ക്കാരിന്  കഴിയാതെപോയതെന്നും മന്ത്രി ചർച്ചയിൽ വിശദീകരിച്ചു.

സാങ്കേതിക തകരാർ സുഗമമായ റേഷന്‍ വിതരണത്തെ ബാധിക്കാതിരിക്കുന്നതിനായി റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം നവംബര്‍ 25 മുതല്‍ 30 വരെ പുനക്രമീകരിക്കുന്നതായി മന്ത്രി യോഗത്തെ അറിയിച്ചു.