2023 ഓടെ കേരളം സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തില്‍ സംസ്ഥാനത്തിന് ഏറെ അഭിമാനിക്കാമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും തടയാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാൻ ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയ സംസ്ഥാനമാണ് കേരളം.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും കുറയ്ക്കാനും ആന്റി ബയോഗ്രാം റിപ്പോര്‍ട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് പ്രതിരോധ തോത് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിവരുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.എല്ലാ ജില്ലകളിലും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികൾ രൂപീകരിക്കുകയും അതുവഴി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.