ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യമറിയാന്‍ ഉപകരണം വികസിപ്പിച്ച് ഒന്റാരിയോയിലെ കമ്പനി 

By: 600002 On: Nov 24, 2022, 11:08 AM


2026 ലെ കാനഡയുടെ ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ ഭാഗമായി മാറുകയാണ് ഓട്ടവ വാലിയിലെ ഒരു കമ്പനി. ചോക്ക്‌റിവറിലെ ബബിള്‍ ടെക്‌നോളജി ഇന്‍ഡസ്ട്രീസ്(ബിടിഎ)ആണ് ദൗത്യത്തില്‍ പങ്കാളികളാകുന്നത്. ചന്ദ്രനിലേക്ക് അയക്കുന്ന മൂണ്‍ റോവറില്‍ ഘടിപ്പിക്കാനുള്ള, വെള്ളത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ഉപകരണമാണ് ബിടിഐ വികസിപ്പിക്കുന്നത്. 

കമ്പനി രൂപകല്‍പ്പന ചെയ്യുന്ന ഉപകരണത്തിന് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിന്റെയോ ഐസിന്റെയോ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്ന് ബിടിഐയിലെ ശാസ്ത്രജ്ഞന്‍ സ്‌കോട്ട് മക്ഇവാന്‍ പറയുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ജലം കണ്ടെത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് റേഡിയേഷന്‍ ഡിറ്റക്ടറായ സിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ആറ് വര്‍ഷം മുമ്പ് കനേഡിയന്‍ ബഹിരാകാശ ഏജന്‍സി റേഡിയേഷന്‍ സാങ്കേതികവിദ്യയ്ക്കായി 43 മില്യണ്‍ ഡോളര്‍ കരാര്‍ നല്‍കിയതോടെയാണ് ബിടിഐ പദ്ധതി ആരംഭിച്ചത്. ഒന്റാരിയോയിലെ തന്നെ ബോള്‍ട്ടണിലുള്ള കമ്പനിയാണ് റോവര്‍ രൂപകല്‍പ്പന ചെയ്യുന്നത്.