നോര്‍ത്ത് വാന്‍കുവറില്‍ 'വെര്‍ച്വല്‍ കിഡ്‌നാപ്പിംഗ്' നടന്നതായും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. വാന്‍കുവര്‍ സ്വദേശിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതനില്‍ നിന്നും കോള്‍ ലഭിച്ചുവെന്നും ഭാര്യയെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിനോട് തട്ടിപ്പിനിരയായ ആള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യയുടെ ഫോണില്‍ നിന്നാണെന്ന് തോന്നിക്കുന്ന കോളിന്റെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീയുടെ ശബ്ദം കേട്ടതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ അന്വേഷണത്തില്‍ ഈ തട്ടിക്കൊണ്ടുപോകല്‍ തട്ടിപ്പാണെന്നും ഭാര്യയുടെ സ്വകാര്യ ഫോണില്‍ നിന്നാണ് കോള്‍ വരുന്നതെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇ-ട്രാന്‍സ്ഫര്‍ വഴി പണം നല്‍കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. വെര്‍ച്വല്‍ തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ ഗൗരവമായാണ് കാണുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ അന്വേഷണം സങ്കീര്‍ണമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രിയപ്പെട്ട ഒരാളെ തട്ടിക്കൊണ്ടുപോയതായി അവകാശപ്പെടുന്ന തരത്തില്‍ എന്തെങ്കിലും കോള്‍ ലഭിക്കുകയാണെങ്കില്‍ ഫോണ്‍ കട്ട് ചെയ്ത് ലോക്കല്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. വിളിക്കുന്നയാളുടെ ആവശ്യങ്ങള്‍ അനുസരിക്കുകയോ ഫോണിലൂടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.