ലോകകപ്പ്: 'കൂടുതല്‍ കരുത്തോടെ കാനഡ തിരിച്ചുവരും'; പ്രതീക്ഷ കൈവിടാതെ ആരാധകര്‍

By: 600002 On: Nov 24, 2022, 9:21 AM

 

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ബെല്‍ജിയത്തോട് പൊരുതിവീണ കാനഡ വീണ്ടും കൂടുതല്‍ കരുത്തോടെ, ഊര്‍ജത്തോടെ മടങ്ങി വരുമെന്ന് എഡ്മന്റണില്‍ മത്സരം വീക്ഷിച്ച ആരാധകര്‍. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് മത്സരത്തിനിറങ്ങിയ സമ്മര്‍ദ്ദം ഇല്ലാതെ കാനഡ കളിക്കളത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ആരാധകര്‍ പറഞ്ഞു. ബെല്‍ജിയത്തെ വിറപ്പിച്ചാണ് കാനഡ കീഴടങ്ങിയത്. ബെല്‍ജിയത്തിന്റെ മിച്ചി ബത്ഷുവായുടെ ഏക ഗോളാണ് ബെല്‍ജിയത്തിന്റെ വിജയം ഉറപ്പിച്ചത്. 

ഇത് കാനഡയുടെ മികച്ച പ്രകടനമാണെന്നാണ് തന്റെ വിശ്വാസം, മികച്ച ടീം തന്നെയാണ് കാനഡയെന്നും വൈറ്റ് ആവന്യുവിന് സമീപം ദ പിന്റില്‍ സോക്കര്‍ ഫാന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കളി വീക്ഷിച്ച ഒരു ആരാധകന്‍ പറയുന്നു. 

മത്സരം തുടങ്ങി ആദ്യ മിനിറ്റുകള്‍ക്ക് ശേഷമാണ് ഇരുടീമുകളും ആക്രമണപ്രത്യാക്രമണങ്ങള്‍ നടത്തിയത്. ബെല്‍ജിയത്തിന് വേണ്ടി മിച്ചി ബത്ഷുവായും ടയോണ്‍ ബുക്കാനന്‍, അല്‍ഫോണ്‍സോ ഡേവിഡ്, ജോനാഥന്‍ ഡേവിഡ് എന്നിവരിലൂടെ കാനഡയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആക്രമണങ്ങള്‍ ശക്തമാക്കിയ കാനഡ്ക്ക് പക്ഷേ ഗോള്‍ മാത്രം കണ്ടെത്താനായില്ലെന്നതാണ് ആരാധകരെ നിരാശരാക്കിയത്. ഇനി ഡിസംബര്‍ 1 ന് മൊറോക്കയെ നേരിടുമ്പോള്‍ കാനഡ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.