മോണ്‍ക്ടണ്‍ ആശുപത്രി എമര്‍ജന്‍സി റൂമില്‍ പരിചരണത്തിനായി കാത്തിരുന്ന രോഗി മരിച്ചു

By: 600002 On: Nov 24, 2022, 8:27 AM


ന്യൂ ബ്രണ്‍സ്‌വിക്കിലെ മോണ്‍ക്ടണ്‍ ആശുപത്രി എമര്‍ജന്‍സി റൂമില്‍ പരിചരണത്തിനായി കാത്തിരുന്ന രോഗി മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ഹോസ്പിറ്റലിലെത്തിയ രോഗിയാണ് അത്യാഹിത വിഭാഗത്തില്‍ തുടര്‍ പരിശോധനയ്ക്കായി കാത്തിരിക്കുന്നതിനിടയില്‍ മരണമടഞ്ഞത്. കാത്തിരിപ്പ് മുറിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ അസുഖം വഷളാവുകയും മരിക്കുകയുമായിരുന്നുവെന്ന് ഹൊറൈസണ്‍ ഹെല്‍ത്ത് നെറ്റ്‌വര്‍ക്ക്‌സ് എമര്‍ജന്‍സി സര്‍വീസിലെ ഡോ. സെര്‍ജ് മെലാന്‍സണ്‍ പറഞ്ഞു. 

രോഗിയെ പരിശോധിച്ചതിനു ശേഷം മുന്‍ഗണന പട്ടികയില്‍ പ്പെടുത്തി തുടര്‍ ചികിത്സകള്‍ക്കായി നിര്‍ദ്ദേശിച്ചു. റൂമിലേക്ക് മാറ്റുന്നതിനായി രോഗിയെ കുറച്ച് സമയത്തേക്ക് കാത്തിരിപ്പ് മുറിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് രോഗിയുടെ നില ഗുരുതരമായത്. ഫിസിഷ്യന്റെ പരിശോധനകള്‍ക്ക് മുന്നോടിയായി നഴ്‌സ് ഇയാളുടെ നില നിരീക്ഷിക്കുകയും ചില പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നതായി ഡോ. മെലാന്‍സണ്‍ പറയുന്നു. 

ആശുപത്രിയില്‍ നിശ്ചിത ശേഷിയിലധികം രോഗികളായിരുന്നു അന്നുണ്ടായിരുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി മുറിയിലേക്ക് മാറ്റാന്‍ കുറച്ച് സമയമെടുത്തതായി അധികൃതര്‍ സമ്മതിച്ചു. രോഗിയുടെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ന്യൂ ബ്രണ്‍സിവിക്കില്‍ ഇത് രണ്ടാം തവണയാണ് പരിശോധനകള്‍ക്കായി കാത്തിരുന്ന രോഗി മരിക്കുന്നത്. ജൂലൈയില്‍ ഫ്രെഡറിക്ടണിലെ ഡോ. എവററ്റ് ചാമേഴ്‌സ് ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് വെയ്റ്റിംഗ് റൂമില്‍ കാത്തിരുന്ന രോഗി മരിച്ചിരുന്നു.