ആഭ്യന്തര വിമാനസർവീസുകളിൽ സമയ നിഷ്ഠ പാലിച്ച് ടാറ്റയുടെ വിമാനക്കമ്പനികൾ 

By: 600021 On: Nov 23, 2022, 7:12 PM

ഡിജിസിഎ പുറത്തുവിടുന്ന പ്രതിമാസ ഓൺ ടൈം പെർഫോമൻസ് കണക്കിൽ ടാറ്റയുടെ മൂന്ന് വിമാനക്കമ്പനികൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 90.8 ശതമാനം സമയ നിഷ്ഠ പാലിച്ച് എയർ ഇന്ത്യ ഒന്നാമതെത്തിയപ്പോൾ  89.1 ശതമാനം സമയക്രമം പാലിച്ച് വിസ്താരയും എയർ ഏഷ്യയും രണ്ടും മൂന്നും സ്ഥാനത്തെത്തി. സർക്കാരിന് കീഴിലായിരുന്നപ്പോൾ സമയക്രമം  പാലിക്കുന്നതിൽ പിന്നിലായിരുന്ന എയർ ഇന്ത്യയെ  ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ മുന്നിലെത്തിച്ചിരിക്കുകയാണ് ടാറ്റ. 

നിശ്ചയിച്ച സമയം കഴിഞ്ഞ് 15 മിനിറ്റിൽ പുറപ്പെടുന്ന സർവീസുകളെയാണ് സമയക്രമം പാലിക്കുന്ന ഗണത്തിൽ ഉൾപ്പെടുത്തുക. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ സമയക്രമം നോക്കിയാണ് ഡിജിസിഎ  പട്ടിക പുറത്തിറക്കുന്നത്. എന്നാൽ ഒരു കാലത്ത് മുന്നിലായിരുന്ന ഇന്റിഗോ എയർലൈൻസ്, 87.5 ശതമാനം സമയ നിഷ്ഠ പാലിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നത്. ടാറ്റയുടെ നാലാമത്തെ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര സർവീസുകളിലാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്.