അഞ്ചാംപനി; പഠനത്തിനായി മൂന്ന് സംസ്ഥാനങ്ങളിൽ കേന്ദ്ര സംഘമെത്തും

By: 600021 On: Nov 23, 2022, 6:30 PM

അഞ്ചാംപനി പടരുന്നെന്ന  റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ  പഠനം നടത്തി റിപ്പോർട് സമർപ്പിക്കാൻ   കേന്ദ്ര സംഘമെത്തും. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുക.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമിക രോഗമായ അഞ്ചാംപനിയുടെ വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ്  ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്.പനി, ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ എന്നിവയാണ്  പ്രാരംഭ ലക്ഷണങ്ങൾ. നാല് ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ ആണ്  രോഗം പകരുക. 

വ്യക്തി ശുചിത്വം  പരിസര ശുചിത്വം എന്നിവ പാലിക്കുന്നത് വഴി അഞ്ചാം പനിയെ ഒഴിവാക്കാനാകും. രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുകയും തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുന്നതിലൂടെയും ഈ രോഗത്തിൽ നിന്നും രക്ഷ നേടാവുന്നതാണ്.