സീറോ കൊവിഡ് നിയന്ത്രണം ; ചൈനയിലെ  ഐഫോൺ ഫാക്ടറിയില്‍ തൊഴിലാളികളുടെ വൻ പ്രധിഷേധം 

By: 600021 On: Nov 23, 2022, 5:56 PM

ചൈനീസ് നഗരമായ ഷെങ്‌ഷൗവിൽ  ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ  കനത്ത പ്രതിഷേധം. നൂറുകണക്കിന് തൊഴിലാളികൾ മാർച്ച് ചെയ്യുന്നതും  ജനങ്ങളും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നതും    പ്രതിഷേധക്കാര്‍ക്കെതിരെ  പൊലീസ് ബലം പ്രയോഗിക്കുകയും ചിലരെ  മര്‍ദ്ദിക്കുകയും ചെയ്യുന്നതായ വീഡിയോ  ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

നഗരത്തില്‍ ഒരു കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തിയാല്‍ പോലും  ആ നഗരം മുഴുവനായും അടച്ചുപൂട്ടുന്ന  ചൈനയുടെ സീറോ കൊവിഡ് പദ്ധതിയിൽ  അടച്ച് പൂട്ടപ്പെടുന്ന നഗരങ്ങളിലേക്ക് അടിസ്ഥാന സാധനങ്ങൾ  പോലും എത്തിക്കുന്നില്ലെന്നാണ് ജനങ്ങളുടെ  പരാതി. കഴിഞ്ഞ മാസം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്  രേഖപ്പെടുത്തിയതിനെ  തുടര്‍ന്ന് ഫോക്‌സ്‌കോൺ സൈറ്റ് പൂട്ടുകയും  തൊഴിലാളികളെ നിര്‍ബന്ധപൂര്‍വ്വം വീടുകളിലേക്ക് അയക്കുകയും ചെയ്തതിനെ തുടർന്ന് തൊഴിലാളികൾ പ്രധിഷേധിച്ചതായി  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  എന്നാൽ  കൊവിഡ് രോഗബാധയില്‍ കുറവ് രേഖപ്പെടുത്തിയസാഹചര്യത്തിൽ കൂടുതല്‍ ബോണസ് വാഗ്ദാനം ചെയ്ത് കമ്പനി പുതിയ തൊഴിലാളികളെ നിയമിച്ചു.

തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കൂഎന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ഇക്കുറി തൊഴിലാളികൾ പ്രതിഷേധിച്ചത്! അതേസമയം  മറ്റ് തൊഴിലാളികൾ വടി ഉപയോഗിച്ച് നിരീക്ഷണ ക്യാമറകളും ജനലുകളും തകർത്തു.  വാഗ്ദാനം ചെയ്തത് പോലെ ബോണസ് ലഭിച്ചില്ലെന്നും രോഗ വ്യാപനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കമ്പനി തങ്ങളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും ഈ സമയം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ തരാന്‍ കമ്പനി തയ്യാറായില്ലെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ട്  പ്രചരിക്കുന്ന വീഡിയോകളിൽ തൊഴിലാളികള്‍ പരാതിപ്പെട്ടു. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ, പോരാട്ടം തുടരുമെന്ന നിലപാടിലാണ് തൊഴിലാളികൾ.